Current Date

Search
Close this search box.
Search
Close this search box.

ഫാഷിസത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് എയര്‍പോര്‍ട്ട് മാര്‍ച്ച് നടത്തി

കൊണ്ടോട്ടി: ‘ഫാഷിസത്തിന് മാപ്പില്ല, നീതിനിഷേധം നടപ്പില്ല’ മുദ്രാവാക്യമുയര്‍ത്തി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ച് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.എസിന്റെ രാഷ്ട്രീയ അജണ്ട ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ നടപ്പാക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രീതിയെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും ശക്തമായ മാര്‍ക്കറ്റിങ് ടീമാണ് ബി.ജെ.പിക്കുള്ളത്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇത്തരത്തിലുള്ള മാര്‍ക്കറ്റിങ് സംഘം ഇന്ത്യയില്‍ നിലവിലില്ല. ദരിദ്രന്റെ പണക്കാരോടുള്ള അസൂയയെ ചൂഷണം ചെയ്താണ് നോട്ട് നിരോധനം മോദി ഇത്തരത്തില്‍ നടപ്പാക്കിയത്. ഉത്തരേന്ത്യന്‍ രീതിയിലുള്ള ഹിന്ദു-മുസ്‌ലിം വര്‍ഗീയത കേരളത്തിലും നടപ്പാക്കാനാണ് ശ്രമം. ഇതിനെതിരെ ഗ്രാമതലത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനമാണ് ആവശ്യം. കേരളത്തിലെ വിശ്വാസികളുടെ ഐക്യമല്ല പട്ടിണിപ്പാവങ്ങളായ ഉത്തരേന്ത്യന്‍ ജനതക്ക് ആവശ്യം. ക്രൂര പീഡനങ്ങള്‍ക്ക് വിധേയരായി ജീവിക്കുന്നവര്‍ക്ക് സഹായങ്ങളും പിന്തുണയുമാണ് നാം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.   
ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ കേന്ദ്ര  സര്‍ക്കാര്‍ ഫാഷിസ്റ്റുകളുടെ അജണ്ടകള്‍ നടപ്പാക്കുന്നതിനെ ചെറുത്തു തോല്‍പ്പിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഉത്തരേന്ത്യയിലെ പീഡിതര്‍ക്ക് എസ്.കെ.എസ്.എസ്.എഫ് നല്‍കുന്ന ഒരു ലക്ഷം രൂപയുടെ ധനസഹായവും ചടങ്ങില്‍ കൈമാറി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ടി.വി. ഇബ്രാഹീം എം.എല്‍.എ, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ്  ഫൈസി, റഷീദ് ഫൈസി വെള്ളാലിക്കോട് എന്നിവര്‍ സംസാരിച്ചു.
ഹജ്ജ് കമ്മിറ്റി അംഗം അഹ്മദ് മൂപ്പന്‍, പി.എ. ജബ്ബാര്‍ ഹാജി, കെ.കെ.എസ്. തങ്ങള്‍, ഫക്രുദ്ദീന്‍ തങ്ങള്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.  എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സ്വാഗതവും റഷീദ് ഫൈസി വെള്ളാലിക്കോട് നന്ദിയും പറഞ്ഞു.

Related Articles