Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ വനിതയുടെ മൃതദേഹം ഇസ്രയേല്‍ തടഞ്ഞുവെച്ചത് ഒരു മാസം

വെസ്റ്റ്ബാങ്ക്: ഒരു മാസത്തോളം ഇസ്രയേല്‍ തടഞ്ഞുവെച്ച മൃതദേഹം കഴിഞ്ഞ ദിവസം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. മാര്‍ച്ച് 29ന് ഖുദ്‌സിലെ ബാബുല്‍ ആമൂദില്‍ വെച്ച് ഇസ്രയേല്‍ സൈനികന്റെ വെടിയേറ്റ് രക്തസാക്ഷിയായ സിഹാം നിംറിന്റെ (49) മൃതദേഹമാണ് ബുധനാഴ്ച്ച വൈകിയിട്ട് ഫലസ്തീന്‍ റെഡ്ക്രസന്റിന് ഇസ്രയേല്‍ അധികൃതര്‍ കൈമാറിയത്. ഇസ്രയേല്‍ സൈനികനെ കത്തിയുപയോഗിച്ച് കുത്താന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു അവരെ സൈനികര്‍ കൊലപ്പെടുത്തിയത്. ശുഅഫാത്ത് ക്യാമ്പിന് സമീപത്തെ മസ്ജിദ് അബൂഉബൈദയില്‍ നിന്നും മൃതദേഹം അനാത ഗ്രാമത്തിലെ ഖബര്‍സ്ഥാനില്‍ എത്തിച്ചാണ് മറമാടിയത്.
മൃതദേഹം കൈമാറിയതിന് ശേഷം ഒട്ടും വൈകിക്കാതെ അമ്പത് ആളുകളുടെ മാത്രം സാന്നിദ്ധ്യത്തില്‍ മറമാടണം എന്ന വ്യവസ്ഥയോടെയാണ് ഇസ്രേയല്‍ സിഹാമിന്റെ മൃതദേഹം കൈമാറിയത്. വ്യവസ്ഥ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ 20,000 ഷെകല്‍ (ഏകദേശം മൂന്നര ലക്ഷം രൂപ) കുടുംബം കെട്ടിവെക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ശുഅഫാത് ക്യാമ്പില്‍ ഇസ്രയേല്‍ സൈന്യം അതിക്രമിച്ചു കയറി വെടിവെച്ചു കൊലപ്പെടുത്തിയ മുസ്തഫ നിംറിന്റെ മാതാവാണ് സിഹാം. വിവിധ ആക്രമണങ്ങളില്‍ രക്തസാക്ഷികളായ മൂന്ന് ഖുദ്‌സ് നിവാസികളുടെ മൃതദേഹങ്ങള്‍ ഇപ്പോഴും ഇസ്രയേല്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതിനു പുറമെ ഹെബ്രോണ്‍, നാബുലുസ്, ബത്‌ലഹേം എന്നിവിടങ്ങളില്‍ നി്ന്നുള്ള ഫലസ്തീനികളുടെ മൃതദേഹങ്ങളും ഇസ്രയേല്‍ തടഞ്ഞുവെച്ചവയുടെ കൂട്ടത്തിലുണ്ടെന്ന് അല്‍ജസീറ റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles