Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ പ്രശ്‌നത്തിനുള്ള സ്ഥാനം തിരിച്ചുപിടിക്കാനാണ് ഹമാസ് ശ്രമിക്കുന്നത്: ഹനിയ്യ

ഗസ്സ: അറബ് ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ നേരിടുന്ന വലിയ അസ്വസ്ഥകളുടെ പശ്ചാത്തലത്തില്‍ ഫലസ്തീന്‍ പ്രശ്‌നത്തിനുണ്ടായിരുന്ന സ്ഥാനം വീണ്ടെടുക്കാനാണ് ഹമാസ് ശ്രമിക്കുന്നതെന്ന് ഹമാസ് രാഷ്ട്രീയസമിതി ഉപാധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യ. ഹമാസ് സ്ഥാപിക്കപ്പെട്ടതിന്റ വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ ബുധനാഴ്ച്ച പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തിന്റെ അറബ് ഇസ്‌ലാമിക ആഴമാണ് ഞങ്ങള്‍ വ്യക്തമാക്കുന്നത്. സമുദായത്തിലെ എല്ലാ ഘടകങ്ങളുമായും അയല്‍നാടുകളുമായും സന്തുലിതമായ ബന്ധം സ്ഥാപിക്കാനാണ് ഞങ്ങള്‍ താല്‍പര്യപ്പെടുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ ഫലസ്തീന്‍ പ്രശ്‌നത്തോടുള്ള നിലപാടില്‍ സന്തുലിതത്വം കൊണ്ടുവരാനാണ് പ്രസ്ഥാനം ശ്രമിക്കുന്നത്. എന്നും അദ്ദേഹം പറഞ്ഞു.
ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും മാര്‍ഗം തന്നെയാണ് ഹമാസ് മുറുകെ പിടിക്കുന്നത്. അതിനായി പ്രസ്ഥാനം ഒരുപാട് വിട്ടുവീഴ്ച്ചകള്‍ ചെയ്തിട്ടുണ്ടെന്നും ഹനിയ്യ പറഞ്ഞു. അതേസമയം ദേശീയവും ഇസ്‌ലാമികവുമായ അടിസ്ഥാന തത്വങ്ങളില്‍ കാലമെത്ര പിന്നിട്ടാലും വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മസ്ജിദുല്‍ അഖ്‌സയെയും ഖുദ്‌സിനെയും ഫലസ്തീന്‍ പ്രദേശത്തിന്റെ ഏതൊരു ഭാഗത്തെയും ജൂതവല്‍കരിക്കാനുള്ള അധിനിവേശ പദ്ധതികളെ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം ആണയിട്ടു.
ഗസ്സയിലും വെസ്റ്റ്ബാങ്കിലും ഹമാസ് അതിന്റെ 29ാം വാര്‍ഷികം ആഘോഷിച്ചു. 1987 ഡിസംബര്‍ 14നാണ് ഗസ്സയിലെ മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കളുടെ ഒരു സംഘം ഹമാസിന് രൂപം നല്‍കിയത്.

Related Articles