Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ പെണ്‍കുട്ടിയുടെ തടങ്കല്‍ ഇസ്രായേല്‍ വീണ്ടും നീട്ടി

ജറൂസലം: സൈനികരുടെ മുഖത്തടിച്ചെന്നാരോപിച്ച് ഇസ്രായേല്‍ സൈന്യം അറസ്റ്റു ചെയ്ത ഫലസ്തീന്‍ പെണ്‍കുട്ടിയുടെ തടങ്കല്‍ ഇസ്രായേല്‍ വീണ്ടും നീട്ടി. അഹദ് അല്‍ തമീമിയുടെയും അവരുടെ മാതാവ് നാരിമന്റെയും തടവാണ് റാമല്ലയിലെ ഓഫര്‍ കോടതി അഞ്ചു ദിവസത്തേക്ക് കൂടി നീട്ടിയത്. അതേസമയം, അഹദിന്റെ സഹോദരി നൗറിനെ 48 മണിക്കൂര്‍ നേരത്തേക്ക് ജാമ്യത്തില്‍ വിട്ടിട്ടുണ്ട്.

ട്രംപ് ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതിനെതിരേ ഡിസംബര്‍ 15നായിരുന്നു അഹദും കുടുംബവും പ്രതിഷേധത്തില്‍ പങ്കെടുത്തത്. വെസ്റ്റ് ബാങ്ക് ഗ്രാമമായ നബി സാലിഹില്‍ വച്ച് ഇവര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം അക്രമം അഴിച്ചു വിടുകയായിരുന്നു. തുടര്‍ന്ന് അഹദും ഉമ്മ നരിമാനും സഹോദരി നൗറും ചേര്‍ന്ന് സൈന്യത്തെ തള്ളിമാറ്റി. പിന്നീട് അവരെ സൈന്യം കൂട്ടമായി അടിക്കുകയും ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു.

സൈനികനെ അക്രമിച്ചെന്നും പ്രദേശത്തിന്റെ സുരക്ഷയ്ക്ക് തടസ്സമായെന്നും ആരോപിച്ച് ഡിസംബര്‍ 19നാണ് അഹദിനെ അറസ്റ്റു ചെയ്തത്. അതിനു പിന്നാലെ ഉമ്മയെയും സഹോദരിയെയും സൈന്യം അറസ്റ്റു ചെയ്യുകയായിരുന്നു. ഇസ്രായേലി സൈന്യവുമായുള്ള അഹദിന്റെ ആദ്യത്തെ സംഭവമല്ല ഇത്. ഇസ്രായേല്‍ സൈന്യത്തെ ചങ്കൂറ്റത്തോടെ നേരിട്ടതിന് നേരത്തെയും അഹദ് ലോകമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.

2012ല്‍ തുര്‍ക്കി ഇവരുടെ ധീരതക്ക് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. അന്ന് തന്റെ സഹോദരനെ അറസ്റ്റു ചെയ്തത് ഇസ്രായേല്‍ സൈന്യത്തെ പ്രതിരോധിച്ചതിനായിരുന്നു അവാര്‍ഡ്. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും അഹദിനെ പ്രത്യേകം അഭിനന്ദിച്ചിരുന്നു. അഹദിന്റെ പിതാവും മാതാവും സഹോദരങ്ങളുമെല്ലാം നിരന്തരം ഇസ്രായേല്‍ സൈന്യത്തോട് പ്രതിരോധിക്കുന്നതിനിടെ അറസ്റ്റ് കൈവരിച്ചവരാണ്.

 

Related Articles