Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ പെണ്‍കുട്ടിക്ക് 13 വര്‍ഷം തടവ് ശിക്ഷ

ഖലന്‍ദിയ: പതിനേഴ് വയസ്സുകാരി നുര്‍ഹാന്‍ അവാദിനെ പതിമൂന്നര വര്‍ഷം തടവിന് ശിക്ഷിച്ചു കൊണ്ട് ഇസ്രായേല്‍ കോടതി വിധി പുറപ്പെടുവിച്ചു. ഒരു വര്‍ഷം മുമ്പ് ഒരു ഇസ്രായേല്‍ സൈനികനെ കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് ശിക്ഷാവിധി.
സമാനമായ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട പ്രകാരം പരമാവധി ശിക്ഷ തന്നെയാണ് നുര്‍ഹാന് കോടതി വിധിച്ചിരിക്കുന്നതെന്ന് ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി വ്യക്തമാക്കി. തടവ് ശിക്ഷ കൂടാതെ 30000 ഷെക്ക്ല്‍ പിഴയും നുര്‍ഹാന്‍ ഒടുക്കണം. നിലവില്‍ ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന 12 ഫലസ്തീന്‍ പെണ്‍കുട്ടികളില്‍ ഒരാളാണ് അധിനിവിഷ്ഠ ജറൂസലേമിലെ ഖലന്‍ദിയ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും വരുന്ന നുര്‍ഹാന്‍.
2015 നവംബര്‍ 23-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നെഞ്ചില്‍ രണ്ട് തവണ വെടിയേറ്റ നിലയിലാണ് അധിനിവേശ സേന അന്ന് നുര്‍ഹാനെ അറസ്റ്റ് ചെയ്ത്. കത്രിക കൊണ്ട് ഒരു ഇസ്രായേല്‍ പൗരനെ കുത്തിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ഭാഷ്യം. സംഭവസമയത്ത് നുര്‍ഹാന്റെ കൂടെയുണ്ടായിരുന്ന അവളുടെ കസിന്‍ സഹോദരി 14 വയസ്സുകാരി ഹദീലിനും ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റിരുന്നു. ഹദീല്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
‘സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി കൊണ്ട് കുട്ടികളെയും കൗമാരക്കാരെയും വെടിവെച്ച് കൊല്ലുന്നതിനെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല’ ഫലസ്തീന്‍ സ്ട്രാറ്റജി ഗ്രൂപ്പ് സ്ഥാപകാംഗം ഹുസ്സാം സോംലോട്ട് പറഞ്ഞു.
ഇസ്രായേല്‍ കഠിന ശിക്ഷ വിധിച്ച പ്രായപൂര്‍ത്തിയാവാത്ത ഫലസ്തീനികളില്‍ ഏറ്റവും പുതിയ ആളാണ് നുര്‍ഹാന്‍. ഇതേ കുറ്റത്തിന്റെ പേരില്‍ 14 വയസ്സുകാരന്‍ അഹ്മദ് മനാസറയെ 12 വര്‍ഷം തടവിന് കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ കോടതി ശിക്ഷിച്ചിരുന്നു. മനാസറയുടെ കസിന്‍ ഹസ്സാനും അന്ന് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഹസ്സാന്റെ മൃതശരീരം ഏഴ് മാസങ്ങള്‍ കഴിഞ്ഞാണ് ഇസ്രായേല്‍ അധികൃതര്‍ കുടുംബത്തിന് വിട്ടുകൊടുത്തത്.
നിലവില്‍ 350-ലധികം ഫലസ്തീന്‍ കുട്ടികള്‍ ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Related Articles