Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ തടവുകാര്‍ നിരാഹാര സമരം നിര്‍ത്തിവെച്ചു

വെസ്റ്റ്ബാങ്ക്: കഴിഞ്ഞ 41 ദിവസമായി ഇസ്രയേല്‍ ജയിലുകളില്‍ നിരാഹാര സമത്തില്‍ ഏര്‍പ്പെട്ടിരുന്ന നൂറുകണക്കിന് ഫലസ്തീന്‍ തടവുകാര്‍ തങ്ങളുടെ നിരാഹാരം നിര്‍ത്തിവെച്ചതായി ഫലസ്തീന്‍ തടവുകാരുടെ വേദി അറിയിച്ചു. ഇസ്രയേലിലെ അസ്‌കലാന്‍ ജയിലില്‍ പുലരുന്നത് വരെ തുടര്‍ന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിരാഹാരം നിര്‍ത്തിവെക്കാനുള്ള തീരുമാനം. മര്‍വാന്‍ ബര്‍ഗൂഥി അടക്കമുള്ള നിരാഹാര സമരത്തിന് നേതൃത്വം നല്‍കുന്നവരുമായി ഇസ്രയേല്‍ ജയില്‍ അധികൃതര്‍ ഇരുപത് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയാണ് നടന്നതെന്ന് ഫലസ്തീന്‍ തടവുകാരുടെ വേദി വക്താവ് ഹസന്‍ അബ്ദുറബ്ബ് പറഞ്ഞു. അത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വെള്ളിയാഴ്ച്ച വൈകിയിട്ടാണ് നിരാഹാരം നിര്‍ത്തിവെക്കണമെന്ന നിര്‍ദേശം ഇസ്രയേല്‍ ഫലസ്തീന്‍ തടവുകാര്‍ക്ക് മുമ്പില്‍ വെച്ചതെന്നും തടവുകാരുടെ ആവശ്യം പരിഗണിക്കുന്നതിന് പകരം 24 മണിക്കൂര്‍ നേരത്തേക്കാണ് നിരാഹാരം നിര്‍ത്തിവെക്കുന്നതെന്നും റാമല്ലയിലെ അല്‍ജസീറ ഓഫീസ് മേധാവി വലീദ് അല്‍ഉംരി പറഞ്ഞു. തടവുകാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും തടവുകാരുടെ നിരാഹാര സമരത്തിന്റെ വിജയമാണിതെന്നും മര്‍വാര്‍ ബര്‍ഗൂഥി തടവുകാരുടെ വേദി അധ്യക്ഷനെ അറിയിച്ചതായും റിപോര്‍ട്ട് വ്യക്തമാക്കി.
നേരത്തെ മര്‍വാന്‍ ബര്‍ഗൂഥിയുമായി ചര്‍ച്ചയിലേര്‍പ്പെടാന്‍ തങ്ങള്‍ തയ്യാറല്ല എന്ന നിലപാടാണ് ഇസ്രയേല്‍ ഭരണകൂടം സ്വീകരിച്ചിരുന്നത്. പകല്‍ സമയത്ത് ഉപ്പും വെള്ളവും കൂടി ഒഴിവാക്കി നോമ്പെടുക്കാനാണ് തങ്ങളുദ്ദേശിക്കുന്നതെന്ന് നിരാഹാരത്തിലുള്ള തടവുകാര്‍ വെള്ളിയാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. തടവുകാരുടെ ജീവന്‍ അപകടത്തിലാക്കുന്ന തീരുമാനമായിരുന്നു അത്.

Related Articles