Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ തടവുകാര്‍ ഇസ്രായേല്‍ കോടതി ബഹിഷ്‌കരിക്കും

റാമല്ല: ഇസ്രായേലിന്റെ തടവില്‍ കഴിയുന്ന അഞ്ഞൂറോളം ഫലസ്തീന്‍ തടവുകാര്‍ 2018ല്‍ ഇസ്രായേല്‍ കോടതികള്‍ ബഹിഷ്‌കരിക്കാനൊരുങ്ങുന്നു. ഫലസ്തീനിയന്‍ പ്രിസണേഴ്‌സ് സൊസൈറ്റിയാണ് പ്രസ്താവനയിലൂടെ ഇക്കാര്യമറിയിച്ചത്. വിവിധ കുറ്റങ്ങള്‍ ചുമത്തി ഇസ്രായേല്‍ സൈന്യം അറസ്റ്റു ചെയ്ത് തടവറകളില്‍ കഴിയുന്നവരാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്.

500ഓളം വിചാരണത്തടവുകാരാണ് ഈ തീരുമാനമെടുത്തത്. ഇവര്‍ വിചാരണക്കായി കോടതിയില്‍ പോകുന്നത് ബഹിഷ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തടവുകാരുടെ അഭിഭാഷകരും കോടതിയില്‍ പോകില്ല. പത്തു ദിവസത്തിനകം തടവുകാര്‍ തങ്ങളുടെ തീരുമാനം നടപ്പാക്കും.

തങ്ങളുടെ കഴുത്തില്‍ ഒരു വാള്‍ വച്ച പോലെ ക്രൂരവും നിയമവിരുദ്ധവുമാണ് ജയിലിലെ നടപടികള്‍ എന്നും ഇസ്രായേല്‍ കോടതി പേരിനു മാത്രമാണെന്നും ഇസ്രായേലിന്റെ ആഭ്യന്തര ഇന്റലിജന്‍സ് വിഭാഗമാണ് തീരുമാനമെടുക്കുന്നതും വിധിക്കുന്നതെന്നും തടവുകാര്‍ കുറ്റപ്പെടുത്തി. ഇസ്രായേലിന്റെ ഭരണപരമായ തടവു പ്രകാരം തടവുകാരെ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ വിചാരണയില്ലാതെ ജയിലിലടക്കാം എന്നാണ് നിയമം.

ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയുടെ നിര്‍ദേശ പ്രകാരം ഇസ്രായേല്‍ സൈന്യം ഇടക്കിടെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളെ വീടുകളില്‍ കയറി അറസ്റ്റു ചെയ്യാറാണുള്ളത്. 300 കുട്ടികളടക്കം 6500ഓളം ഫലസ്തീനികളാണ് ഇസ്രായേലിലെ വിവിധ ജയിലുകളില്‍ കഴിയുന്നതെന്ന് ഫലസ്തീന്‍ അധികൃതര്‍ പറഞ്ഞു.

 

Related Articles