Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ തടവുകാരുടെ നിരാഹാരത്തെ പിന്തുണക്കാന്‍ ലോക പാര്‍ലമെന്റുകളോട് ബര്‍ഗൂഥി

റാമല്ല: ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരുടെ നിരാഹാരത്തെ പിന്തുണക്കാന്‍ ലോകത്തെ പാര്‍ലമെന്റുകളോട് ഫതഹ് പാര്‍ട്ടിയുടെ കേന്ദ്ര സമിതി അംഗവും തടവുകാരനുമായ മര്‍വാന്‍ ബര്‍ഗൂഥി. വിചാരണ കൂടാതെ അഞ്ഞൂറോളം പേരെ ഇസ്രയേല്‍ തടവിലിട്ടിരിക്കുന്നത് അവസാനിപ്പിക്കുക, ഏകാന്ത തടവ് ഇല്ലാതാക്കുക, വൈദ്യസൗകര്യം മെച്ചപ്പെടുത്തുക, വികലാംഗരും നിത്യരോഗികളുമായ തടവുകാരെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 1500 ഓളം ഫലസ്തീന്‍ തടവുകാര്‍ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.
തടവുകാരുടെ നിരാഹാരത്തെ പിന്തുണക്കേണ്ടതും അവരുടെ കാര്യത്തിലുള്ള അന്താരാഷ്ട്ര നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണെന്ന് ജയിലില്‍ നിന്നും അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 27നാണ് അദ്ദേഹം തുറന്ന നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിയമം ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതിനെതിരെ ന്യായവും സമാധാനപരവുമായ സമരമുറ എന്ന നിലക്കാണ് നിരാഹാരത്തെ തടവുകാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ബര്‍ഗൂഥി പറഞ്ഞു. ഈ നിരാഹാരമല്ലാതെ ഇസ്രയേലിന് മുന്നില്‍ തടവുകാര്‍ക്ക് മുന്നില്‍ മറ്റൊരു മാര്‍ഗമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ന്യായമായ വിചാരണ കൂടാതെ ഫലസ്തീന്‍ ജനപ്രതിനിധികളെ വരെ അറസ്റ്റ് ചെയ്യുന്നത് ഇസ്രയേല്‍ തുടരുന്നു. അതില്‍ 13 പേര്‍ ഇപ്പോഴും ജയിലില്‍ തന്നെയാണുള്ളത്. ഞങ്ങളെ അറസ്റ്റ് ചെയ്യുന്നതിന് പ്രോത്സാഹനവും പിന്തുണയും നല്‍കുകയാണ് ഇസ്രയേല്‍ പാര്‍ലമെന്റ് അംഗങ്ങള്‍. പാര്‍ലമെന്റുകളുടെ അന്താരാഷ്ട്ര വേദികളില്‍ നിങ്ങള്‍ക്കൊപ്പം ഇരിക്കുന്ന അവര്‍ ഞങ്ങള്‍ക്കത് നിഷേധിക്കുന്നു. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
2002ല്‍ ഫലസ്തീന്‍ നിയമനിര്‍മാണ സഭയിലെ അംഗമായിരുന്ന ബര്‍ഗൂഥി 2000 വര്‍ഷത്തിലുണ്ടായ ഇന്‍തിഫാദക്കിടെ ഇസ്രയേലികളെ കൊലപ്പെടുത്തിയെന്ന ആരോപണത്തിന്റെ പേരില്‍ അഞ്ച് തവണ അറ്സ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നിരാഹാരത്തില്‍ കഴിയുന്ന ബര്‍ഗൂഥിയുടെ ആരോഗ്യനില അപകടവാസ്ഥയിലായിട്ടുണ്ടെന്ന് ഫലസ്തീന്‍ തടവുകാരുടെ നിരാഹാരം സംബന്ധിച്ച റിപോര്‍ട്ടുകള്‍ ചെയ്യുന്ന മാധ്യമ സമിതി വ്യക്തമാക്കി.

Related Articles