Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ കുട്ടികള്‍ക്കെതിരെ ഇസ്രയേല്‍ കോടതി തടവുശിക്ഷ വിധിച്ചു

ഖുദ്‌സ്: രണ്ട് കുട്ടികള്‍ക്കും ഒരു യുവതിക്കുമെതിരെ ഇസ്രയേല്‍ കോടതി തടവ് ശിക്ഷ വിധിച്ചു. അധിനിവേശത്തെ ചെറുക്കുകയും കത്തിയുപയോഗിച്ച് ആക്രമണത്തിന് ശ്രമിക്കുകയും ചെയ്തു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശാദി ഫറാഹ് എന്ന 13കാരനും അഹ്മദ് സഅ്തരി എന്ന 14കാരനും എതിരെ രണ്ട് വര്‍ഷം തടവാണ് ഇസ്രയേല്‍ ഫെഡറല്‍ കോടതി വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി വിചാരണ കൂടാതെ ഇവരെ തടവിലിട്ടിരിക്കുകയായിരുന്നു. 2015 ഡിസംബറില്‍ കത്തി ഒളിപ്പിച്ച് വെക്കുകയും ഇസ്രയേലികളെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്ന ആരോപണമാണ് ഇസ്രയേല്‍ പ്രോസിക്യൂഷന്‍ കുട്ടികള്‍ക്കെതിരെ ഉന്നയിച്ചത്. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം മൂന്ന് വര്‍ഷം കുട്ടികള്‍ക്ക് മേല്‍ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും ജഡ്ജി വിധിച്ചിട്ടുണ്ട്.
വിചാരണ ചെയ്യാന്‍ തക്ക ഒരു കുറ്റവും തന്റെ മകന്‍ ചെയ്തിട്ടില്ലെന്ന വ്യക്തമാക്കിയ ഫറാഹിന്റെ മാതാവ് വിധിയ അനീതിയെന്ന് വിശേഷിപ്പിച്ചു. ഒരു കവര്‍ നിറയെ മകന് ഏറെ ഇഷ്ടപ്പെട്ട മിഠായികളും പലഹാരങ്ങളുമായിട്ടാണ് അവര്‍ കോടതിയില്‍ എത്തിയിരുന്നത്. എന്നാല്‍ മകന് അത് കൈമാറാന്‍ അവര്‍ക്ക് സാധിച്ചില്ല. മയക്കുമരുന്നു കേസുകളിലും ബലാല്‍സംഗ കേസുകളിലും ജയിലില്‍ കഴിയുന്നവര്‍ക്കൊപ്പം കുട്ടിയെ പാര്‍പ്പിക്കുന്ന വലിയ ദോഷം ചെയ്യുമെന്നും അവര്‍ പ്രതികരിച്ചു.
2015 ഡിസംബര്‍ 30നാണ് കുട്ടികളെ അറസ്റ്റ് ചെയ്തത്. പിന്നീട് പലതവണ അറസ്റ്റ് നീട്ടുകയായിരുന്നു. ശാദി ഫറാഹിന്റെ കുടുംബം അവന്റെ പതിമൂന്നാം ജന്മദിനം കോടതിയില്‍ വെച്ചാണ് ആഘോഷിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ തടവുകാരനായിരിക്കും ഫറാഹ്.
കത്തിയുപയോഗിച്ച് ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ജരീഹ മറഹ് ബകീര്‍ എന്ന 18 കാരിക്കെതിരെ ഇസ്രയേല്‍ കോടതി എട്ടര വര്‍ഷം തടവ് വിധിച്ചിട്ടുണ്ട്. 2015 ഒക്ടോബറിലാണ് ഇസ്രയേല്‍ അവരെ അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ വിട്ട് മടങ്ങി വരികയായിരുന്ന പെണ്‍കുട്ടിക്കെതിരെ ഇസ്രയേല്‍ പോലീസ് വെടിവെച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. അവര്‍ക്കെതിരെ 10,000 ഇസ്രയേല്‍ ഷെകല്‍ (2590 അമേരിക്കന്‍ ഡോളര്‍) പിഴയും ചുമത്തിയിട്ടുണ്ടെന്ന് അവരുടെ കുടുംബം വ്യക്തമാക്കി. പെണ്‍കുട്ടി ചികിത്സ ആവശ്യമുള്ള അവസ്ഥയിലാണെന്നും കുടുംബം കൂട്ടിചേര്‍ത്തു. വിവിധ തടവറകളില്‍ പാര്‍പ്പിക്കപ്പെട്ടിട്ടുള്ള പെണ്‍കുട്ടി ഇപ്പോഴുള്ളത്ത ഷാരോണ്‍ ജയിലിലാണുള്ളത്.

Related Articles