Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ഐക്യം വീണ്ടെടുക്കാന്‍ ഞങ്ങള്‍ തയ്യാര്‍: ഹനിയ്യ

ഗസ്സ: ഫലസ്തീനികള്‍ക്കിടയിലെ വിയോജിപ്പ് അവസാനിപ്പിക്കാനും ദേശീയ ഐക്യം വീണ്ടെടുക്കാനും തന്റെ പ്രസ്ഥാനം സന്നദ്ധമാണെന്ന് ഹമാസ് രാഷ്ട്രീയ സമിതി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യ. ഗസ്സയിലെ ഫലസ്തീന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീന്‍ പ്രശ്‌നം സങ്കീര്‍ണമായ ഒരു സാഹചര്യത്തിലാണുള്ളത്. അതുകൊണ്ടു തന്നെ എല്ലാവരും സഹകരിക്കുകയും വിയോജിപ്പുകള്‍ അവസാനിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ഫലസ്തീന്‍ ഐക്യം വീണ്ടെടുക്കുന്നതിനും വിയോജിപ്പ് അവസാനിപ്പിക്കുന്നതിനും ഏതറ്റം വരെ പോകാനും ഹമാസ് തയ്യാറാണെന്നും അതിനായി എല്ലാ കക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഹനിയ്യ വ്യക്തമാക്കി. ഗസ്സയും വെസ്റ്റ്ബാങ്കും ഒരൊറ്റ ഘടകമായി മാറുന്നതിന് തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
2014 ജൂണില്‍ ഫലസ്തീനില്‍ ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടെങ്കിലും ഗസ്സയിലെ ഭരണം ഹമാസ് തന്നെയാണ് കൈയ്യാളിയിരുന്നത്. ഫത്ഹിനും ഹമാസിനും ഇടയിലെ അഭിപ്രായ വ്യത്യാസങ്ങളുടെ ഫലമായി ഫലസ്തീന്‍ അതോറിറ്റി അവിടത്തെ ഭരണം ഇതുവരെ ഏറ്റെടുത്തിട്ടില്ല. 2007ലെ തെരെഞ്ഞെടുപ്പില്‍ ഗസ്സയില്‍ ഹമാസിന് ആധിപത്യം ലഭിച്ചതോടെയാണ് ഈ വിയോജിപ്പ് പ്രകടമായത്. ഇരുസംഘടനകളെയും അനുരഞ്ജനത്തിലാക്കുന്നതിന് നടന്ന അറബ് മധ്യസ്ഥ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Related Articles