Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിയെ കൊല്ലുന്നതെങ്ങനെ; വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ ഇസ്രയേല്‍ പോലീസിന്റെ പ്രദര്‍ശനം

തെല്‍അവീവ്: ചെറിയ കുട്ടികള്‍ക്ക് മുമ്പില്‍ ഫലസ്തീനിയായ ‘അക്രമി’യെ കൊല്ലുന്നതെങ്ങനെയെന്ന് ഇസ്രയേല്‍ പോലീസ് പ്രദര്‍ശിപ്പിക്കുന്ന രംഗങ്ങള്‍ ഇസ്രയേലിലെ ചാനല്‍-2 പുറത്തുവിട്ടു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മുമ്പിലാണ് ഇത്തരത്തില്‍ പ്രദര്‍ശനം ഒരുക്കിയതെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കി. തിങ്കളാഴ്ച്ച തെല്‍അവീവിലെ റാമത് ഹഷാരോണ്‍ സിറ്റി പാര്‍ക്കിലാണ് പോലീസിന്റെ പ്രവര്‍ത്തനം വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി കൊണ്ടുള്ള ഈ പരിപാടി നടന്നത്.
വെടിയൊച്ച കേള്‍ക്കുമ്പോള്‍ ഭയപ്പെടരുതെന്ന് പോലീസ് വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് രണ്ട് ബൈക്കുകളിലായി എത്തിയ നാല് പോലീസുകാര്‍ ഫലസ്തീനിയുടെ റോള്‍ വഹിക്കുന്ന വ്യക്തിക്ക് നേരെ വെടിയുതിര്‍ക്കുന്നതും അയാള്‍ നിലത്തു വീണ് മരിച്ചെന്ന് ഉറപ്പാക്കുന്നത് വരെ വെടിവെപ്പ് തുടരുന്നതുമായ രംഗമാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
ചില വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ ഈ പ്രദര്‍ശനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ടെന്നും ചാനല്‍-2 റിപോര്‍ട്ട് വ്യക്തമാക്കി. അക്രമിയെയാണെങ്കില്‍ പോലും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ ഒരാളെ കൊല്ലുന്ന രംഗം ചിത്രീകരിച്ച് കാണിച്ചു കൊടുക്കുന്നത് ശരിയല്ലെന്ന് അവരുടെ കുടുംബങ്ങള്‍ അഭിപ്രായപ്പെട്ടു.
2015 ഒക്ടോബര്‍ മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫലസ്തീനികള്‍ നടത്തുന്ന പലതരം പ്രതിഷേധങ്ങള്‍ക്കും ഫലസ്തീന്‍ മണ്ണ് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. അധിനിവേശ ഭരണകൂടത്തിന്റെ ജൂതവല്‍കരണ നയങ്ങളുടെയും കുടിയേറ്റത്തിന്റെയും കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ക്ക് ഉത്തരവാദപ്പെട്ടവര്‍ ഒരുക്കുന്ന സംരക്ഷണത്തിന്റെയും പശ്ചാത്തലത്തില്‍ കത്തിയുപയോഗിച്ച് ആക്രമണം നടത്തുക, വാഹനം ഇടിച്ചു കയറ്റുക തുടങ്ങിയ മാര്‍ഗങ്ങളാണ് ഫലസ്തീനികള്‍ സ്വീകരിക്കാറുള്ളത്. ഏറ്റുമുട്ടലുകളെ തുടര്‍ന്ന് നൂറുകണക്കിന് ഫലസ്തീനികള്‍ രക്തസാക്ഷികളാവുകയും ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേര്‍ ജയിലില്‍ അടക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Related Articles