Current Date

Search
Close this search box.
Search
Close this search box.

ഫതഹ് പാര്‍ട്ടിയുമായി ചര്‍ച്ചക്ക് തയ്യാര്‍: ഹമാസ്

കെയ്‌റോ: ഫതഹ് പാര്‍ട്ടിയുമായി കെയ്‌റോയില്‍ വെച്ച് കൂടിക്കാഴ്ച നടത്താനും ഇരുപക്ഷത്തിനുമിടയില്‍ കരാറുകള്‍ ഒപ്പുവെച്ച് അത് നടപ്പാക്കാനും തങ്ങള്‍ തയ്യാറാണെന്ന് ഈജിപ്ത് സന്ദര്‍ശിക്കുന്ന ഹമാസ് പ്രതിനിധി സംഘം വ്യക്തമാക്കി. ദേശീയ ഐക്യ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതിനും പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതിനും വേണ്ടി ഗസ്സയില്‍ നേരത്തെ രൂപീകരിച്ച ഭരണനിര്‍വ്വഹണ സമിതിയെ പിരിച്ച് വിടാന്‍ ഹമാസ് തയ്യാറാണെന്ന് സംഘം അറിയിച്ചു. വെസ്റ്റ് ബാങ്കിലെയും ഗസ്സയിലേയും ഫലസ്തീന്‍ ജനതക്ക് നേരെയുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ദേശീയ ഐക്യ ഗവണ്‍മെന്റിന്റെ രൂപീകരണത്തിനായി കെയ്‌റോയില്‍ ഫലസ്തീന്‍ വിഭാഗങ്ങളുടെ വിപുലമായ സമ്മേളനം നടത്തുന്നതിന്റെ മുന്നോടിയായി ഭരണ സമിതി പിരിച്ച് വിടാന്‍ ഹമാസ് പൂര്‍ണ സന്നദ്ധമാണെന്നും അവര്‍ അറിയിച്ചു.
ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ നേതൃത്വത്തില്‍ ഈജിപ്ത് സന്ദര്‍ശനത്തിലുളള പ്രതിനിധി സംഘം ഈജിപ്ഷ്യന്‍ ജനറല്‍ ഇന്റലിജന്‍സ് തലവനുമായും കൂടിക്കാഴ്ച നടത്തിയുരുന്നു. ഈജിപ്തിന്റെ സുസ്ഥിരതയിലുള്ള സംഘടനയുടെ താല്‍പര്യവും അതിന് കോട്ടം വരുത്തുന്ന രൂപത്തില്‍ ഗസ്സയെ ഉപയോഗപ്പെടുത്താന്‍ അനുവദിക്കില്ലെന്നും പ്രതിനിധി സംഘം വ്യക്തമാക്കി.
ഈ സന്ദര്‍ശനത്തില്‍ നിരവധി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് ഹനിയ്യയുടെ മീഡിയ ഓഫീസ് മുമ്പ് സൂചിപ്പിച്ചിരുന്നു. പ്രത്യേകിച്ച് ഈജിപ്തുമായുള്ള ഉഭയകക്ഷി ബന്ധങ്ങളുകളുടെ പുരോഗതിക്കും  നേരത്തെ നടന്ന സന്ദര്‍ശനങ്ങളില്‍ സംഘടനയുടെ പ്രതിനിധി സംഘങ്ങള്‍ കെയ്‌റോയുമായുണ്ടാക്കിയ ധാരണകള്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള ചര്‍ച്ചകളുമുണ്ടാവും.
ഗസ്സക്ക്‌മേലുള്ള ഉപരോധത്തെ ലഘുകരിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളും ദേശീയ പ്രശ്‌നത്തിലെ പുതിയ സംഭവവികാസങ്ങളും ഫലസ്തീന്‍ ജനതയുടെ ഐക്യം പുനഃസ്ഥാപിക്കുന്നതിനും ദേശീയ അനുരഞ്ജനം സാധ്യമാക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ചര്‍ച്ചാവിഷയമാകുമെന്നും ഹനിയ്യ അറിയിച്ചു.

Related Articles