Current Date

Search
Close this search box.
Search
Close this search box.

പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്കുള്ള മാറ്റത്തിന് തുര്‍ക്കി പാര്‍ലമെന്റിന്റെ അംഗീകാരം

അങ്കാറ: തുര്‍ക്കിയില്‍ ഭരണഘടന ഭേദഗതി ചെയ്തുകൊണ്ടുള്ള പരിഷ്‌കരണങ്ങള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം. 142ന് എതിരെ 339 വോട്ടുകള്‍ നേടിയാണ് ഭേദഗതികള്‍ അംഗീകരിക്കപ്പെട്ടത്. രാജ്യത്തിന്റെ ഭരണം പാര്‍ലമെന്ററി സംവിധാനത്തില്‍ നിന്നും പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറുന്നതടക്കമുള്ള 18 ഭേദഗതികളാണ് അംഗീകരിക്കപ്പെട്ടത്. ഈ ഭേദഗതികള്‍ പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന് സമര്‍പിക്കും. അദ്ദേഹം ഒപ്പുവെച്ച് രണ്ട് മാസത്തിന് ശേഷം അതില്‍ ജനഹിത പരിശോധന നടത്താന്‍ ആവശ്യപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ഏപ്രില്‍ ആദ്യവാരത്തിലായിരിക്കും ഈ ഹിതപരിശോധന എന്ന് ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്.
550 അംഗങ്ങളുള്ള തുര്‍ക്കി പാര്‍ലമെന്റില്‍ 316 സീറ്റും ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിക്കാണ്. ഭേദഗതികള്‍ക്ക് അംഗീകാരം നേടുന്നതില്‍ നാഷണലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടി അംഗങ്ങളുടെ പിന്തുണയും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷ ധാരയിലുള്ള റിപബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയാണ് ഭേദഗതികള്‍ക്കെതിരെ പ്രധാനമായും രംഗത്തുണ്ടായിരുന്നത്. അതേസമയം കുര്‍ദ് അനുകൂല പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. പുതിയ ഭേദഗതി പ്രകാരം രാജ്യത്തിന്റെ പ്രസിഡന്റിന് മന്ത്രിമാരെ തെരെഞ്ഞെടുക്കാനും പുറത്താക്കാനും സാധിക്കും. 1923ല്‍ മുസ്തഫ അത്താതുര്‍ക് തുര്‍ക്കി റിപബ്ലിക്ക് സ്ഥാപിച്ചതിന് ശേഷം ആദ്യമായി അതിന്റെ ചരിത്രത്തില്‍ പ്രധാനമന്ത്രി സ്ഥാനം ഇല്ലാതാക്കപ്പെടുകയും ചെയ്യും.

Related Articles