Current Date

Search
Close this search box.
Search
Close this search box.

പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആശ്വാസപ്പെരുന്നാള്‍ നല്‍കിയ ചാരിതാര്‍ഥ്യത്തോടെ യൂത്ത് ഇന്ത്യ

ജിദ്ദ: പ്രവാസജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരെയും പ്രയാസമനുഭവിക്കുന്നവരെയും കണ്ടെത്തി പുതുവസ്ത്രങ്ങളും പെരുന്നാള്‍ ഭക്ഷണവും നല്‍കി അവരെക്കൂടി പെരുന്നാളിന്റെ ആഹ്ലാദത്തില്‍ പങ്കുചേര്‍ത്ത ചാരിതാര്‍ഥ്യതിലാണ് യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍. ജോലി നഷ്ടപ്പെട്ടവര്‍, മാസങ്ങളോളമായി ശമ്പളം ലഭിക്കാത്തവര്‍ കൃഷിസ്ഥലങ്ങളിലും മറ്റും തുച്ഛമായ വരുമാനത്തിന് ജോലി ചെയ്യുന്നവര്‍, തര്‍ഹീല്‍, ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രയാസപ്പെടുന്നവര്‍ക്കുമിടയിലാണ് പെരുന്നാള്‍ വസ്ത്രവും ഭക്ഷണവും യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്. ആഹ്ലാദങ്ങള്‍ പങ്കുവെക്കപ്പെടുമ്പോഴാണ് ആഘോഷങ്ങള്‍ പൂര്ണമാവുന്നത് എന്നു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ യൂത്ത് ഇന്ത്യയുടെ ഈ പ്രവര്‍ത്തനത്തിന് സാധിച്ചതിന്റെ തെളിവാണ് സമൂഹത്തിന്റെ നാനാതുറകളില്‍നിന്നു യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച പിന്തുണയും സഹായവും.
ഈദാഘോഷിക്കാന്‍ പുതുവസ്ത്രം വാങ്ങുന്ന തങ്ങളുടെ സഹകാരികളെയും പ്രവര്‍ത്തകരെയും ഒരു ജോഡി പുതുവസ്ത്രം അധികം വാങ്ങാന്‍ പ്രേരിപ്പിച്ചു കൊണ്ടാണ് യൂത്ത് ഇന്ത്യ പദ്ധതിക്കാവശ്യമായ വസ്ത്രം ശേഖരിച്ചത്. അഖില സൗദി തലത്തില്‍ വസ്ത്ര വിതരണത്തിന്റെ ഉദ്ഘാടനം ഇറാം ഗ്രൂപ് ചെയര്മാന്‍ ഡോ. സിദ്ദിഖ് അഹ്മദ് യൂത്ത് ഇന്ത്യ സൗദി ആക്ടിഗ് പ്രസിഡന്റ് അനീസ് അബൂബക്കറിന് നല്‍കി നിര്‍വഹിച്ചു. ജിദ്ദ, ദമ്മാം, റിയാദ്, യാമ്പു, ജുബൈല്‍, ഖമീസ് മുശൈത് തുടങ്ങി സൗദിയുടെ വ്യത്യസ്ത ഭാഗങ്ങളിലായി ആയിരത്തിലധികം വസ്ത്രങ്ങളാണ് ഈ പദ്ധതി വഴി വിതരണം ചെയ്തത്.
അഞ്ച് മാസമായി ശമ്പളം ലഭിക്കാത്ത മക്കക്കടുത്ത ബഹറയില്‍ ലേബര്‍ക്യാമ്പിലെ അഞ്ഞൂറോളം തൊഴിലാളികള്‍ക്കൊപ്പമാണ് യൂത്ത് ഇന്ത്യ ജിദ്ദ സൗത്ത് ചാപ്റ്ററിലെ പ്രവര്‍ത്തകര്‍ ഇത്തവണ പെരുന്നാള്‍ ആഘോഷിച്ചത്. അടുത്തിടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ജോലിയും ശമ്പളവും ഇല്ലാതെ കഴിയുന്ന തൊഴിലാളികളുടെ ദയനീയ സ്ഥിതി മനസ്സിലാക്കിയ യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് പെരുന്നാള്‍ ഭക്ഷണം നല്‍കാനും ഇവരോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാനും തയ്യാറാവുകയായിരുന്നു. റമദാനിന്റെ അവസാന നാളുകളില്‍ കൃഷിയിടങ്ങളിലും ഉപ്പുപാടങ്ങളിലുമെല്ലാം ഒറ്റപ്പെട്ട തൊഴിലാളികള്‍ക്ക് പുതുവസ്ത്രവും അരിയും യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍ വിതരണം ചെയ്തിരുന്നു. തുടര്‍ന്നും സമൂഹത്തിലെ നല്ല മനസ്സുകളുടെ സഹായത്തോടെ ഇവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി മുന്നോട്ട് പോവാനാണ് തങ്ങളുടെ തീരുമാനമെന്ന് ജിദ്ദ സൗത്ത് ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് റഫാത്ത് പറഞ്ഞു. പരിപാടികള്‍ക്ക് സി.എച്. റാഷിദ്, അഹ്മദ് അലി, ഷാഹിദുല്‍ ഹഖ്, ഷിബു നീലാമ്പ്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles