Current Date

Search
Close this search box.
Search
Close this search box.

പ്രഥമ ശത്രുവായ ഇസ്രയേലുമായി സന്ധിയില്ല: ഹമാസ്‌

അള്‍ജിയേഴ്‌സ്: ഇസ്രയേലുമായുള്ള ബന്ധം നന്നാക്കാന്‍ അറബ് രാഷ്ട്രങ്ങള്‍ നടത്തുന്ന ശ്രമങ്ങളില്‍ ഹമാസ് രാഷ്ട്രീയ സമിതി ഉപാധ്യക്ഷന്‍ മൂസാ അബൂമര്‍സൂഖ് ദുഖം രേഖപ്പെടുത്തി. പ്രഥമ ശത്രുവായി തങ്ങള്‍ കണക്കാക്കുന്ന ഇസ്രയേലുമായി ഒരു സന്ധിയും ഉണ്ടാക്കില്ലെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച ആരംഭിച്ച അള്‍ജീരിയ സന്ദര്‍ശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയിലെ ഹര്‍കത്തു മുജ്തമഉ സില്‍മിന്റെ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ഹമാസ് നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.
അധിനിവേശ ശക്തിയെ അംഗീകരിക്കുന്നതിനോ അവരുമായി സഹകരിക്കുന്നതിനോ ഏതെങ്കിലും തരത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനോ തങ്ങള്‍ എതിരാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം സംസാരം ആരംഭിച്ചത്. ഇറാനെ പ്രഥമ ശത്രുവായി കാണുന്ന അറബ് നിലപാട് ശരിയല്ലെന്നും അറബ് രാഷ്ട്രങ്ങളുടെ ഇറാനുമായുള്ള ബന്ധത്തെ കുറിച്ച് സൂചിപ്പിച്ചു കൊണ്ട് അബൂമര്‍സൂഖ് പറഞ്ഞു. പ്രഥമ ശത്രു ഇസ്രയേലാണ്. എന്നാല്‍ ഇറാനുമായി സംഭാഷണം നടത്തുകയും അനുരഞ്ജനമുണ്ടാക്കുകയും ചെയ്യാമെന്നും പറഞ്ഞു. ഫലസ്തീനികള്‍ക്കും ഇസ്രയേലിനും ഇടയില്‍ സന്ധിയുണ്ടാക്കാനാണ് ഈജിപ്ത് പ്രസിഡന്റ് സീസി ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ വിഷയത്തില്‍ എന്തെങ്കിലും നീക്കം നടത്തുന്നുണ്ടെങ്കില്‍ ഞങ്ങളുടെ ഭൂമി കവര്‍ന്നെടുത്ത ശത്രുവിനെതിരായിരിക്കണം അതെന്നും ഇസ്രയേലുമായി സന്ധിയാവാനാവില്ലെന്ന് വ്യക്തമാക്കി കൊണ്ട് മര്‍സൂഖ് പറഞ്ഞു. ഗസ്സയിലെ ഉദ്യോഗസ്ഥരെ തങ്ങളുടെ ഭാഗമായി കണക്കാക്കാന്‍ ഫലസ്തീന്‍ അതോറിറ്റി തയ്യാറാവാത്തതാണ് ദേശീയ ഐക്യസര്‍ക്കാര്‍ ദുര്‍ബലപ്പെടാനുണ്ടായ കാരണമെന്നും അദ്ദേഹം വിശദമാക്കി.

Related Articles