Current Date

Search
Close this search box.
Search
Close this search box.

പ്രത്യേക മതവീക്ഷണക്കാരെ സൈന്യത്തില്‍ അനുവദിക്കില്ല: സീസി

കെയ്‌റോ: സവിശേഷമായ മതവീക്ഷണം വെച്ചുപുലര്‍ത്തുന്നവരെ സൈന്യത്തില്‍ ചേരാന്‍ അനുവദിക്കില്ലെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി. മുസ്‌ലിം ബ്രദര്‍ഹുഡിലേക്കുള്ള സൂചനയോടെയാണ് ഇക്കാര്യം പ്രസ്താവിച്ചിരിക്കുന്നത്. രാഷ്ട്രത്തിന്റെ താല്‍പര്യങ്ങളെ അത് ദോഷകരമായി ബാധിക്കുമെന്ന ന്യായമാണ് സീസി അതിന് പറഞ്ഞിരിക്കുന്നത്. സായുധസേനയുമായി ബന്ധപ്പെട്ട ഒരു സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈജിപ്തുകാരനായ മുസ്‌ലിമിനും ക്രിസ്ത്യാനിക്കും സൈന്യത്തില്‍ ചേരാന്‍ അവകാശമുണ്ട്. എന്നാല്‍ പ്രത്യേകമ വീക്ഷണങ്ങളോട് ചായ്‌വുള്ളവര്‍ രാഷ്ട്രസംവിധാനങ്ങളുടെ ഭാഗമാകുന്നത് രാജ്യത്തിന്റെ താല്‍പര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അത്തരം വീക്ഷണക്കാരെ സൈന്യത്തില്‍ നിന്നും പുറത്താക്കുമെന്നും പേര് പരാമര്‍ശിക്കാതെ ഈജിപ്ത് പ്രസിഡന്റ് പറഞ്ഞു. രാഷ്ട്രത്തെ തകര്‍ക്കുന്നതില്‍ ഭീകരത എത്രത്തോളം അപകടം ചെയ്യുന്നു എന്നത് ഈജിപ്തുകാര്‍ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ‘ഭീകരതയെ നേരിടലും ജനതയുടെ നിശ്ചയദാര്‍ഢ്യവും’ എന്ന തലക്കെട്ടില്‍ നടന്ന സെമിനാറില്‍ സീസി അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ആരുമറിയാതെ രാജ്യം തീവ്രവാദത്തിനെതിരെ പോരാടുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles