Current Date

Search
Close this search box.
Search
Close this search box.

പ്രതീക്ഷയും പ്രതിസന്ധിയും പങ്കുവെച്ച് ജമാഅത്തെ ഇസ്‌ലാമി പ്രവാസി കുടുംബ സംഗമം

പാലക്കാട്: ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി മേപ്പറമ്പ് നൂര്‍ മഹലില്‍ സംഘടിപ്പിച്ച പ്രവാസി കുടുംബ സംഗമം പ്രവാസ ലോകത്തെ പ്രതീക്ഷയും പ്രതിസന്ധിയും പങ്കുവെക്കുന്നതായി. മാധ്യമം  മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സുന്ദരവും സന്തോഷപൂര്‍ണവുമായ ജീവിത സംസ്‌ക്കാരമാണ് ഇസ് ലാം മുന്നോട്ടു വെക്കുന്നത്. വൈവിധ്യം നിലനിര്‍ത്തി ഒന്നാകാനുള്ള സന്ദേശം അതുനല്‍കുന്നു. അത് നടപ്പിലാകണമെങ്കില്‍ കുടുംബ ജീവിതവും പരസ്പര ബന്ധങ്ങളും ഭദ്രതവും ഹൃദ്യവുമാകണം. അതിനുള്ള അവസരമാണ് ഇത്തരം സംഗമങ്ങള്‍ തുറന്നു തരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുന്ദരവും സന്തോഷപൂര്‍ണവുമായ അവസ്ഥ ഇല്ലാതാക്കി ഭീതി സൃഷ്ടിച്ച് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം സാമ്രാജിത്വ ശക്തികളുടെ നേതൃത്വത്തില്‍ ആഗോള അടിസ്ഥാനത്തില്‍ നടക്കുന്നു. അതിന്റെ പാരമ്യത്തിലുള്ള ഉദാഹരണമാണ് ഫാസിസ്റ്റ് ശക്തികളുടെ നേതൃത്വത്തില്‍ നമ്മുടെ രാജ്യത്ത് കണ്ടുവരുന്നത്. ഈ കൂരുരുട്ടിനെ സ്‌നേഹ സംവാദങ്ങളിലൂടെ പ്രകാശം പരത്തി മാറ്റിയെടുക്കാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ്‌വി അധ്യക്ഷത വഹിച്ചു.
‘ഇസ്‌ലാമിക പ്രസ്ഥാനം ഗള്‍ഫ് രാജ്യങ്ങളില്‍’ എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ യു.എ.ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രസ്ഥാന ഘടകങ്ങളെ പ്രതിനിധീകരിച്ച് യഥാക്രമം അബ്ദുല്ല ഹസനാര്‍, അബ്ദുറഹ്മാന്‍ ഹസനാര്‍, ടി.മുഹമ്മദ്, അന്‍വര്‍ സാദത്ത് എഴുവന്തല, നാസര്‍ പേഴുംകര എന്നിവര്‍ സംസാരിച്ചു. ഈ രാജ്യങ്ങളിലെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇവര്‍ വിശദീകരിച്ചു. ‘പ്രതിസന്ധി നേരിടുന്ന പ്രവാസവും പ്രവാസികളുടെ പുനരധിവാസവും’ എന്ന വിഷയത്തില്‍ സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ഡോ. നിഷാദ് പുതുക്കോടും ‘സ്വര്‍ഗം പൂക്കുന്ന കുടുംബം ‘ എന്ന വിഷയത്തില്‍ സുലൈമാന്‍ അസ്ഹരിയും സംവദിച്ചു. ജമാഅത്തെ ഇസ് ലാമി മുന്‍ സംസ്ഥാന സെക്രടറി എ.മുഹമ്മദലി, വനിത വിഭാഗം ജില്ല വൈസ് പ്രസിഡന്റ് ഹബീബ മൂസ, സോളിഡാരിറ്റി ജില്ല സെക്രട്ടറി ഷാക്കിര്‍ പുലാപ്പറ്റ, എസ്.ഐ.ഒ ജില്ല പ്രസിഡന്റ് ഫാസില്‍ ആലത്തൂര്‍, ജി.ഐ.ഒ ജില്ല പ്രസിഡന്റ് മുഫീദ വല്ലപ്പുഴ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സഫിയ അടിമാലി, ബഷീര്‍ പുതുക്കോട് , സക്കീര്‍ ഹുസൈന്‍ ആലത്തൂര്‍, എം. ദില്‍ഷാദലി, എം.സുലൈമാന്‍, മജീദ് തത്തമംഗലം, എ.ഉസ്മാന്‍, കെ.എം ഇബ്രാഹീം മാസ്റ്റര്‍, നൗഷാദ് ആലവി, ഷാക്കിര്‍ മൂസ എന്നിവര്‍ സംബന്ധിച്ചു. എസ്.എസ്.എല്‍.സി , പ്ലസ്ടു , മജ് ലിസ് പരീക്ഷകളില്‍ ഉന്നത നേട്ടം കൈവരിച്ച പ്രവാസികളായ പ്രസ്ഥാന പ്രവര്‍ത്തകരുടെ മക്കളെ അനുമോദിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ നടന്നു. ജില്ല സെക്രട്ടറി നൗഷാദ് മുഹ്‌യുദ്ദീന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ബഷീര്‍ ഹസന്‍ നദ്‌വി സമാപനവും നിര്‍വഹിച്ചു.

Related Articles