Current Date

Search
Close this search box.
Search
Close this search box.

പ്രകോപനപരമായ പ്രവര്‍ത്തനങ്ങളുമായി കുടിയേറ്റക്കാര്‍ അല്‍അഖ്‌സ അങ്കണത്തില്‍

ഖുദ്‌സ്: കിഴക്കന്‍ ഖുദ്‌സ് നഗരം ഇസ്രയേല്‍ അധിനിവേശം നടത്തിയതിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുകണക്കിന് ജൂത കുടിയേറ്റക്കാര്‍ ബുധനാഴ്ച്ച രാവിലെ മുതല്‍ മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചു കടന്നു. അതേസമയം അതിക്രമിച്ചു കടക്കലിലുണ്ടായ വര്‍ധനവിനെ കുറിച്ച് ഖുദ്‌സ് ഔഖാഫ് ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ പോലീസിന്റെ ശക്തമായ കാവലില്‍ എഴുന്നൂറിലേറെ കുടിയേറ്റക്കാരാണ് ബുധനാഴ്ച്ച രാവിലെ മുതല്‍ മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചു കടന്നതെന്ന് ഔഖാഫ് പ്രസ്താവന വ്യക്തമാക്കി. മസ്ജിദുല്‍ അഖ്‌സയുടെ അങ്കണത്തില്‍ വെച്ചും സില്‍സില ഗേറ്റ് വഴി പുറത്തുകടക്കുമ്പോഴും പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ കുടിയേറ്റക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായതായും പ്രസ്താവന പറഞ്ഞു.
ഇസ്രയേല്‍ പോലീസിന്റെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമുള്ള മുഗാറബ ഗേറ്റ് വഴിയാണ് കുടിയേറ്റക്കാര്‍ മസ്ജിദില്‍ അതിക്രമിച്ചു കടക്കാറുള്ളത്. മസ്ജിദിന്റെ പടിഞ്ഞാറന്‍ മതിലിലാണ് ഈ ഗേറ്റുള്ളത്. അമ്പത് പേരടങ്ങുന്ന സംഘങ്ങളായിട്ടാണ് അതിക്രമിച്ചു കടന്നിട്ടുള്ളതെന്നും ളുഹ്ര്‍ നമസ്‌കാരത്തിന് തൊട്ട് മുമ്പ് വരെ തുടര്‍ന്ന ഈ അതിക്രമിച്ചു കടക്കല്‍ പിന്നീന് നമസ്‌കാരം കഴിഞ്ഞതിന് ശേഷവും രണ്ട് മണിക്കൂറോളം തുടര്‍ന്നെന്ന് ജോര്‍ദാന്‍ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ഔഖാഫ് വൃത്തങ്ങള്‍ അറിയിച്ചു. 1967ല്‍ ഇസ്രയേല്‍ കിഴക്കന്‍ ഖുദ്‌സില്‍ അധിനിവേശം നടത്തിയതിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് (ഹീബ്രു കലണ്ടര്‍ പ്രകാരം) വ്യാപകമായ തോതില്‍ മസ്ജിദില്‍ അതിക്രമിച്ചു കടക്കാന്‍ തീവ്ര ജൂതഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്തിരുന്നു. മിക്കപ്പോഴും അധിനിവേശ ഇസ്രയേല്‍ പോലീസിന്റെ അകമ്പടിയോടെയാണ് കുടിയേറ്റക്കാര്‍ മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചു കയറാറുള്ളത്. കഴിഞ്ഞ ഏപ്രിലിലും അധിനിവേശ പോലീസിന്റെ സംരക്ഷണത്തില്‍ കുടിയേറ്റക്കാരുടെ സംഘങ്ങള്‍ മസ്ജിദില്‍ അതിക്രമിച്ചു കടന്നിരുന്നു.
ഇന്ന് പുലര്‍ച്ചെ മുതല്‍ മസ്ജിദിന്റെ അങ്കണത്തില്‍ അതിക്രമിച്ചു കടക്കുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടായിട്ടുള്ള വര്‍ധനവിനെ കുറിച്ച് മസ്ജിദുല്‍ അഖ്‌സയുടെയും ഖുദ്‌സിന്റെയും ഔഖാഫ് ഡയറക്ടര്‍ അസ്സാം ഖത്വീബ് മുന്നറിയിപ്പ് നല്‍കി. പഴയ നഗരത്തിലും മസ്ജിദുല്‍ അഖ്‌സ പരിസരത്തും അധിനിവേശ സൈനികരുടെ ശക്തമായ സാന്നിദ്ധ്യമുണ്ടായിരിക്കെയാണ് നാനൂറിലേറെ കുടിയേറ്റക്കാര്‍ അതിക്രമിച്ചു കയറിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

 

Related Articles