Current Date

Search
Close this search box.
Search
Close this search box.

പൊലിസ് വേട്ട അവസാനിപ്പിക്കണം: സംയുക്ത പ്രസ്താവന

 

ഹര്‍ത്താല്‍: പൊലിസ് വേട്ട അവസാനിപ്പിക്കണമെന്ന് സംയുക്ത പ്രസ്താവന

കോഴിക്കോട്: കത്വ പെണ്‍കുട്ടിയെ ക്രൂരമായി പീഢിപ്പിച്ചു കൊന്നതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 16ന് നടന്ന ഹര്‍ത്താലിനോടനുബന്ധിച്ച് ആയിരത്തോളം പേരെയാണ് സംസ്ഥാന പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി യുവാക്കളെ ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സംഘ്പരിവാറിനെതിരില്‍ വിവിധ സംഘടനാ പ്രവര്‍ത്തകരും അല്ലാത്തവരുമായ യുവാക്കള്‍ പ്രാദേശികമായി ഒത്തുചേര്‍ന്നു നടത്തിയ പ്രതിഷേധങ്ങളെ സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നെ കുറ്റം ചാര്‍ത്തി  വേട്ടയാടുന്ന കേരളത്തിലെ ഭരണകൂടത്തിന്റെയും പോലീസിന്റെയും ശ്രമങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഹര്‍ത്താലിന്റെ പേരില്‍ കൈക്കൊള്ളാവുന്ന സ്വാഭാവിക നിയമനടപടിക്രമങ്ങള്‍ മനസ്സിലാക്കാനാകും. എന്നാല്‍, സാമുദായിക ധ്രുവീകരണവും വര്‍ഗീയകലാപവും ആരോപിച്ചു ഹര്‍ത്താല്‍ അനുകൂലികളെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം വേട്ടയാടുന്നത് തികഞ്ഞ വിവേചനവും അനീതിയുമാണ്. കത്വ വിഷയത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ ഹിന്ദു സമൂഹത്തിനെതിരിലുള്ളതാണെന്ന സംഘ്പരിവാര്‍ ആഖ്യാനങ്ങള്‍ സി.പി.എം അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റുപിടിക്കുന്നത് അപലപനീയമാണ്. സംഘടനാ ചട്ടക്കൂടുകള്‍ക്കു പുറത്തു നടക്കുന്ന ഇത്തരം പ്രതിഷേധങ്ങളെയും കൂട്ടായ്മകളെയും ഉള്‍ക്കൊള്ളുവാനുള്ള ജനാധിപത്യപരമായ വിശാലതയുടെ അഭാവം മറനീക്കി പുറത്തു വന്നിരിക്കുകയാണ്. സംഘ്പരിവാര്‍ ശക്തികള്‍ പടച്ചുണ്ടാക്കിയ സാമുദായിക ധ്രുവീകരണവാദങ്ങള്‍ ആവര്‍ത്തിച്ച് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മലബാര്‍ മേഖലയില്‍ അന്യായമായി അറസ്റ്റ് ചെയ്ത മുഴുവന്‍ പേരെയും ഉടന്‍ വിട്ടയക്കണം. ജനകീയ ജനാധിപത്യ സമരങ്ങളെയും പ്രതിഷേധങ്ങളെയും സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി അപരവത്കരിക്കുകയും  പൈശാചികവത്കരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും ഭരണകൂടത്തിന്റെയും നടപടി അപകടകരമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. പോലീസും ഭരണകൂടവും കാര്യങ്ങളെ വസ്തു നിഷ്ഠമായി സമീപിക്കണമെന്നും പൗരാവകാശ ലംഘന നടപടികളില്‍ നിന്ന് ഭരണകൂടം പിന്മാറണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

ബി ആര്‍ പി ഭാസ്‌കര്‍, ഡോ. ടി ടി ശ്രീകുമാര്‍, ഒ അബ്ദുറഹ്മാന്‍, സി പി ജോണ്‍, ഡോ. എ കെ രാമകൃഷ്ണന്‍, ഡോ. ബി  രാജീവന്‍, ജെ ദേവിക, സി കെ അബ്ദുല്‍ അസീസ്, കെ അംബുജാക്ഷന്‍, സി ആര്‍ നീലകണ്ഠന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ പി ശശി, ബി എസ് ഷെറിന്‍, കെ കെ ബാബുരാജ്, ഗ്രോ വാസു, ജെനി റൊവീന, പി ബാബുരാജ്, ഹമീദ് വാണിയമ്പലം, ബിനു മാത്യു, പ്രൊഫ. എം ടി അന്‍സാരി, സലീന പ്രക്കാനം, രേഖാ രാജ് എന്‍ പി ചെക്കുട്ടി, ഗീതാനന്ദന്‍, സുദേഷ് എം രഘു, പ്രൊഫ. ഹാനി ബാബു, ശ്രീജ നെയ്യാറ്റിന്‍കര, ഡോ. നാരായണന്‍ എം ശങ്കരന്‍, അനൂപ് വി ആര്‍, അഡ്വ. കെ കെ പ്രീത, ഡോ. വര്‍ഷ ബഷീര്‍, എ എസ് അജിത്കുമാര്‍, എസ് ഇര്‍ഷാദ്, രൂപേഷ്‌കുമാര്‍, അഫീദ അഹ്മദ്, എം ജോസഫ് ജോണ്‍, പി എം സ്വാലിഹ്, ഗോപാല്‍ മേനോന്‍, നിഖില ഹെന്റി, സി ടി സുഹൈബ്, എം ജിഷ, അഭിലാഷ് പടച്ചേരി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പു വെച്ചു.

 

Related Articles