Current Date

Search
Close this search box.
Search
Close this search box.

പേമാരി മൂലം ലബനാന്‍ തീരത്തടിഞ്ഞത് വന്‍ മാലിന്യ കൂമ്പാരം

ബെയ്‌റൂത്ത്:ലബനാന്‍ തലസ്ഥാനത്തിന് വടക്കന്‍ മേഖലയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റും പേമാരിയും മൂലം വന്‍തോതിലുള്ള മാലിന്യ കൂമ്പാരമാണ് കടല്‍തീരങ്ങളില്‍ കുമിഞ്ഞുകൂടിയത്. വര്‍ഷങ്ങളായി രാജ്യം നേരിടുന്ന ഈ പ്രതിസന്ധിയെക്കുറിച്ചാണ് ഇവിടെ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍. ജിയ്യ നഗരത്തിനു സമീപം മാലിന്യ കൂമ്പാരം ശേഖരിച്ചു കൂട്ടുകയാണ് അധികൃതര്‍. എന്നാല്‍ കൂറ്റന്‍ തിരമാലകള്‍ മൂലം മാലിന്യങ്ങളെല്ലാം കടല്‍തീരത്ത് അടിഞ്ഞു കൂടിയിരിക്കുകയാണ്.

ബൈറൂതിലെ സൂക് മോസ്‌ബേ ബീച്ചില്‍ വലിയ തോതിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരമാണ് കുന്നടിഞ്ഞത്. വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് അവശിഷ്ടങ്ങളും സാനിറ്ററി നാപ്കിനുകളുമാണ് ഇവയില്‍ കൂടുതലും. മാലിന്യങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി ശുചീകരണ തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കടല്‍ തീരമെല്ലാം മുഴുവനായും വൃത്തിയാക്കി പഴയ രൂപത്തിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്. മാലിന്യങ്ങളുടെ ചിത്രങ്ങള്‍ ലബനാനിലെ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.

പ്രതിപക്ഷം ഈ വിഷയത്തെ ഏറ്റെടുത്ത് സര്‍ക്കാരിനെതിരേ പ്രചാരണം നടത്തുന്നുണ്ട്. സര്‍ക്കാര്‍ നിസ്സംഗത കാണിക്കുകയാണെന്നും ദുരന്തങ്ങളും മാലിന്യങ്ങളും തടയാനും നിയന്ത്രിക്കാനും സര്‍ക്കാര്‍ വേണ്ട വിധത്തില്‍ ശ്രമിച്ചിട്ടില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. മന്ത്രിമാരുടെ അഴിമതിയുടെ ഫലമാണിതെന്നും പ്രതിപക്ഷ അംഗമായ സാമി ഗെംയല്‍ പ്രതികരിച്ചു.

 

 

Related Articles