Current Date

Search
Close this search box.
Search
Close this search box.

പീപ്ള്‍സ് ഹോം ജനകീയ ഭവനപദ്ധതി പത്ത് വീടുകള്‍ സമര്‍പ്പിച്ചു

തിരുവമ്പാടി: സംസ്ഥാനത്ത് ഭവനരഹിതരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി എ.കെ ശരീന്ദ്രന്‍. കോഴിക്കോട് കക്കാടംപൊയില്‍ പീപ്ള്‍സ് ഹോം ജനകീയ ഭവനപദ്ധതി ആദ്യഘട്ട സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചുകൂര പോലുമില്ലാത്ത ലക്ഷക്കണക്കിനാളുകളാണ് സംസ്ഥാനത്തുള്ളത്. ദുര്‍ബല ജനവിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന ഭവനപദ്ധതികള്‍ എങ്ങുമെത്താത അവസ്ഥയാണുള്ളത്. ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാറിന് മാത്രം കഴിയില്ല. ആകാശം മേല്‍ക്കൂരയായവര്‍ക്ക് പാര്‍പ്പിടമൊരുക്കാന്‍ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം ഏറ്റവും വലിയ സാമൂഹ്യ സേവനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ദുരിതബാധിതരെ സഹായിക്കുകയാണ് പീപ്ള്‍സ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. ജനസേവനം ദൈവാരാധനയാണെന്ന ഇസ്‌ലാമിക സന്ദേശത്തിന്റെ വെളിച്ചത്തിലാണ് ഈ പ്രവര്‍ത്തനങ്ങളെന്ന് അദ്ദേഹം സൂചിപ്പിച്ചു. പീപ്ള്‍ ഫൗണ്ടേഷന്റെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായങ്ങളുമുണ്ടാവുമെന്ന് ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച എം.ഐ. ഷാനവാസ് എം.പി പറഞ്ഞു. പി.വി. അന്‍വര്‍ എം.എല്‍.എ. സാഹിത്യ കാരന്‍ കെ.പി. രാമനുണ്ണി, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം, എ.കെ. നിഷാദ് (മലബാര്‍ ഗ്രൂപ്, മുഹമ്മദ് ഷാഫി (മിനാര്‍ ഗ്രൂപ്ത്), കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ്, മുക്കം മുഹമ്മദ്, വി.എ. നസീര്‍, വി.പി. ബഷീര്‍, ഒ.പി. അബ്ദുസ്സലാം മൗലവി, ഫാ. ബാബു കൊമരന്‍ കുടിയില്‍, അബ്ദുല്‍ അസീസ് നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ പി.സി. ബഷീര്‍ സമാപന പ്രസംഗം നടത്തി. പത്ത് വീടുകള്‍ നിര്‍മിക്കാന്‍ ഭൂമി സൗജന്യമായി നല്‍കിയ പുതിയറ ഹസന്‍ ഹാജി ചടങ്ങില്‍ സംബന്ധിച്ചു. പീപ്ള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബ് റഹ്മാന്‍ സ്വാഗതവും ഹബീബ് റഹ്മാന്‍ നന്ദിയും പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും അര്‍ഹരായ 1500 കുടുംബങ്ങള്‍ക്ക് സ്വന്തമായി കിടപ്പാടമൊരുക്കാനുള്ള പദ്ധതിയാണ് പീപ്ള്‍സ് ഹോം. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിര്‍മിച്ച പത്ത് വീടുകളാണ് കക്കാടംപൊയിലില്‍ സമര്‍പ്പിച്ചത്.

Related Articles