Current Date

Search
Close this search box.
Search
Close this search box.

പാശ്ചാത്യ ലോകത്തിന്റെ നയങ്ങള്‍ ഇരട്ടത്താപ്പില്‍ അധിഷ്ടിതം: ഡോ. അല്‍ഖറദാഗി

ഇസ്തംബൂള്‍: കുടിലതയിലും ഇരട്ടത്താപ്പിലും അധിഷ്ടിതമായ പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തുര്‍ക്കിയിലെ സംഭവങ്ങളെ പാശ്ചാത്യ ലോകം സമീപിക്കുന്നതെന്ന് ലോക മുസ്‌ലിം പണ്ഡിതവേദി ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്‌യുദ്ദീന്‍ അല്‍ഖറദാഗി. ഔദ്യോഗിക ഭരണകൂടങ്ങള്‍ക്കെതിരെയുള്ള അട്ടിമറികള്‍ നിഷിദ്ധമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പാശ്ചാത്യ നയങ്ങള്‍ ഇരട്ടത്താപ്പിന്റേതാണ്. അതിന്റെ ആളുകള്‍ക്ക് അതില്‍ യാതൊരു ലജ്ജയുമില്ല. അടിയന്തിരാവസ്ഥയുടെ പേരില്‍ തുര്‍ക്കിയെ വിമര്‍ശിച്ച ജര്‍മനി മ്യൂണിച്ച് ആക്രമണത്തിന് ശേഷം അടിയന്തിരവാസ്ഥ പ്രഖ്യാപിച്ചത് ഒരു ഉദാഹരണമാണെന്നും അനദോലു ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
തുര്‍ക്കിയിലെ സംഭവത്തോട് അന്താരാഷ്ട്ര സമൂഹം മാന്യമായ ഒരു നിലപാടല്ല സ്വീകരിച്ചത്. മിക്ക രാഷ്ട്രങ്ങളും വേണ്ട പോലെ സത്യത്തോടൊപ്പം നിലകൊണ്ടില്ല. പൂര്‍ണാര്‍ഥത്തിലുള്ള ഒരു അട്ടിമറി തന്നെയായിരുന്നു അത്. സംശുദ്ധമായ തെരെഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഭരണകൂടത്തിനെതിരായാണത് നടന്നത്. ജനാധിപത്യപരവും മാനുഷികവുമായ ബാധ്യതയാണ് നിയമപരമായി തെരെഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനൊപ്പം നിലകൊള്ളുകയെന്നത്. എന്നാല്‍ അവരത് ചെയ്തില്ല. എന്നും ഖറദാഗി വിവരിച്ചു.
അട്ടിമറിയെ ചെറുക്കുന്നതില്‍ മതപരമായി സുപ്രധാന പങ്കുവഹിച്ച തുര്‍ക്കിയിലെ മതസംവിധാനങ്ങളെയും ശൈഖ് ഖറദാഗി പ്രത്യേകം പ്രശംസിച്ചു. മുസ്‌ലിം ലോകത്തെ ചില മതസംവിധാനങ്ങള്‍ ഭരണകൂടങ്ങള്‍ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അതിലേക്ക് ആളുകളെ തെരെഞ്ഞെടുക്കുന്നതും പ്രത്യേക മാനദണ്ഡങ്ങളോടെയാണ്. അതുകൊണ്ട് തന്നെ അവരുടെ രാഷ്ട്രീയ നിലപാടുകളിലും അതിന്റെ പ്രതിഫലനങ്ങളുണ്ടാവും. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണങ്ങളാണ് ഈജിപ്തിലെ അല്‍അസ്ഹറും ഈജിപ്ഷ്യന്‍ ഫത്‌വാ കൗണ്‍സിലും. ഈജിപ്തില്‍ സൈനിക അട്ടിമറി നടന്നപ്പോള്‍ അതിനൊപ്പം നില്‍ക്കുകയാണവ രണ്ടും ചെയ്തതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഫലസ്തീനിലെയും യമനിലെയും സോമാലിയയിലെ മ്യാന്‍മറിലേയും മുസ്‌ലിം വിഷയങ്ങളോടുള്ള തുര്‍ക്കിയുടെ നിലപാട് ആദരണീയവും മര്‍ദിതനൊപ്പം നിലകൊള്ളുന്നതുമാണ്. നന്മ ചെയ്യുന്നവര്‍ക്ക് അതിന്റെ ഫലം ലഭിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ തുര്‍ക്കി ഭരണകൂടത്തിന്റെ സാധുതയെ പിന്തുണക്കുന്നവരുടെ മുന്‍പന്തിയില്‍ പണ്ഡിതവേദിയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles