Current Date

Search
Close this search box.
Search
Close this search box.

‘പാകിസ്താന്റെ മദര്‍ തെരേസ’ അബ്ദുസ്സത്താര്‍ ഈദി അന്തരിച്ചു

കറാച്ചി: പ്രമുഖ പാകിസ്താന്‍ ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന അബ്ദുസ്സത്താര്‍ ഈദി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ച രാത്രി അന്തരിച്ചു. 88 വയസ്സായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം ‘പാകിസ്താന്റെ മദര്‍ തെരേസ’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1500 ആംബുലര്‍സുകള്‍, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സേവന വിഭാഗം, വീടില്ലാത്തവര്‍ക്കുള്ള അഭയ കേന്ദ്രങ്ങള്‍, അനാഥകളെയും തെരുവിലെ കുട്ടികളെയും സംരക്ഷിക്കാനുള്ള കേന്ദ്രങ്ങള്‍, ബ്ലഡ്ബാങ്കുകള്‍ തുടങ്ങിയ സേവനങ്ങളുടെ വലിയൊരു ശൃംഖല തന്നെ അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. കറാച്ചിയില്‍ ആക്രമണങ്ങള്‍ സംഭവങ്ങള്‍ നടന്നു കൊണ്ടിരിക്കെ സ്വയം ആംബുലന്‍സ് ഓടിച്ച് പരിക്കേറ്റവരെ അവിടെ നിന്ന് നീക്കുകയും മരണപ്പെട്ടവരെ കുളിപ്പിച്ച് മറമാടാനുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചെയ്തിരുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ നിരസ്സിച്ച അദ്ദേഹം വ്യക്തികളില്‍ നിന്നുള്ള സഹായങ്ങളുപയോഗിച്ചാണ് അവ മുന്നോട്ടു കൊണ്ടു പോയിരുന്നത്. തന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ ഭാര്യ ബില്‍ഖീസിനൊപ്പം വളരെ ലളിതമായ ജീവിതം നയിച്ചിരുന്ന അദ്ദേഹം കാരുണ്യ പ്രവര്‍ത്തനങ്ങളെ ഇസ്‌ലാമിന്റെ അടിസ്ഥാനമായിട്ടായിരുന്നു കണ്ടിരുന്നതെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു.
വൃക്ക രോഗബാധിതനായിരുന്ന അദ്ദേഹത്തിന് വിദേശത്ത് ചികിത്സ നല്‍കാമെന്ന് മുന്‍ പാകിസ്താന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തനിക്ക് പാകിസ്താനിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ മതിയെന്ന് പറഞ്ഞ് അദ്ദേഹമത് നിരസ്സിക്കുകയായിരുന്നു എന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി. ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തിലെ ബന്‍ദ്വയില്‍ 1928-ലാണ് അദ്ദേഹം ജനിച്ചത്. 1986ല്‍ അദ്ദേഹം സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള രമണ്‍ മാഗ്‌സസെ അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്.

Related Articles