Current Date

Search
Close this search box.
Search
Close this search box.

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം: മൗലാനാ അര്‍ശദ് മദനി

ന്യൂഡല്‍ഹി: ഗോരക്ഷകരുടെ ആക്രമണങ്ങളെ തുടര്‍ന്നുള്ള ‘ഭീതിയുടെ അന്തരീക്ഷത്തെ’ കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിച്ച ജംഇയ്യത്തുല്‍ ഉലമാ-എ-ഹിന്ദ് പ്രസിഡന്റ് മൗലാനാ സയ്യിദ് അര്‍ശദ് മദനി പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടു. ഗോരക്ഷകരുടെ ഭാഗത്തു നിന്നുള്ള നിരവധി അക്രമ സംഭവങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആളുകളെ കൊല്ലുന്നതിനും കൊള്ളയടിക്കുന്നതിനും മതത്തെ ദുരുപയോഗപ്പെടുത്തുകയാണ് ഈ ഗോരക്ഷകര്‍ ചെയ്യുന്നത്. ഹിന്ദു സഹോദരങ്ങളുടെ മതവികാരത്തെ ഞങ്ങള്‍ മാനിക്കുന്നു. എന്നാല്‍ നിയമം കയ്യിലെടുക്കുന്നതിന് ഒരാളെയും അനുവദിക്കാവതല്ല. എന്ന് അദ്ദേഹം പറഞ്ഞു. ഗോക്കള്‍ സംരക്ഷിക്കപ്പെടുന്നതിനൊപ്പം ആളുകളുടെ ജീവനും സംരക്ഷിക്കപ്പെടുന്ന ഗോസംരക്ഷണ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
മുത്വലാഖ് മതപരമായ വിഷയമാണെന്നും മതപരമായി മാത്രമേ അത് പരിഹരിക്കാനാവൂ എന്നും പ്രസ്തുത വിഷയം ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ അതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു. കോടതി വിഷയത്തില്‍ നേരിട്ട് ഇടപെടുന്നതിന് മുമ്പ് മുസ്‌ലിം പണ്ഡിതന്‍മാരുമായി അതിലുള്ള വിയോജിപ്പുകള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അസമില്‍ ലക്ഷക്കണക്കിന് മുസ്‌ലിംകളുടെ പൗരത്വം ഇല്ലാതാക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ പിന്തിരിയണമെന്നും അര്‍ശദ് മദനി ആവശ്യപ്പെട്ടു. അസം ഹൈകോടതി വിധി കാണിച്ചാണ് അസമില്‍ ജനിച്ചവരെ പുറത്താക്കാനുള്ള നീക്കം നടത്തുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അസം ഉടമ്പടി പ്രകാരം പ്രശ്‌നപരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. ബംഗ്ലാദേശില്‍നിന്നുള്ള മുസ്‌ലിം, ഹിന്ദു കുടിയേറ്റക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വിവേചനരഹിതമായി പുറത്താക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles