Current Date

Search
Close this search box.
Search
Close this search box.

പണ്ഡിതന്‍മാരല്ലാത്തവര്‍ മതകാര്യം പറയുന്നത് അപകടം: കാന്തപുരം

കോഴിക്കോട്: മതത്തിന്റെ കാര്യം മതപണ്ഡിതര്‍ പറയണമെന്നും ഇല്ലെങ്കില്‍ അപകടമുണ്ടാവുമെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. ‘മാപ്പിള മലബാറിന്റെ സാമൂതിരിയോര്‍മകള്‍’ എന്ന പേരില്‍ എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാനവസംഗമത്തില്‍ സൗഹാര്‍ദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാര്‍ രാഷ്ട്രീയകാര്യങ്ങളില്‍ ശ്രദ്ധിച്ച് മുന്നോട്ടുപോവണം. അര്‍ഹതയില്ലാത്തവരുടെ അഭിപ്രായങ്ങളാണ് അപകടമുണ്ടാക്കുന്നത്. ശരീഅത്ത് സമ്മേളനങ്ങള്‍ പോലും മറ്റുള്ളവരെ പരിഹസിക്കാനാണ് ചിലര്‍ ഉപയോഗിക്കുന്നത്. ഇസ്‌ലാമും മുസ്‌ലിമും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം കാന്തപുരം പറഞ്ഞു.
ജനങ്ങളെ വിവിധ ചേരിയിലാക്കി രാഷ്ട്രീയലാഭം കൊയ്യാനാഗ്രഹിക്കുന്ന സംഘ്പരിവാര്‍ ഫാഷിസത്തിനെതിരെ മതസമൂഹവും മതേതരവ്യക്തികളും ഒരുമിച്ചുനില്‍ക്കണമെന്ന് മാനവസംഗമത്തേടനുബന്ധിച്ച് നടന്ന ഓപണ്‍ ടോക്കില്‍ സംസാരിച്ച പ്രമുഖ ആക്ടിവിസ്റ്റ് ഡോ. സുരേഷ് ഖൈര്‍നര്‍ പറഞ്ഞു. ഇന്ത്യയില്‍ രൂപപ്പെടുന്ന ദലിത്മുസ്‌ലിം ഐക്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയത്തോടെയാണ് കാണുന്നതെന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയോടൊപ്പം പുറത്താക്കപ്പെട്ട ഡോ. സുങ്കണ്ണ വെല്‍പുല പറഞ്ഞു.

Related Articles