Current Date

Search
Close this search box.
Search
Close this search box.

പണിമുടക്കും പ്രകടനവും സമരമാര്‍ഗമായി സ്വീകരിക്കാം: ഡോ. ഖറദാവി

കെയ്‌റോ: ജനങ്ങളെ ആയുധശക്തിയുപയോഗിച്ച് ഒതുക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ക്കെതിരെ പണിമുടക്കും പ്രകടനങ്ങളും സമരമാര്‍ഗമായി സ്വീകരിക്കാമെന്ന് ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി. ‘ഥൗറത്തുല്‍ ഗല്ലാബ’ (മറിച്ചിടല്‍ വിപ്ലവം) എന്ന പേരിലുള്ള പുതിയ പ്രക്ഷോഭത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെയുള്ള ഈ പ്രസ്താവന. അടുത്ത വെള്ളിയാഴ്ച്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഈ പ്രക്ഷോഭ പരിപാടിയുടെ പ്രചാരണം സോഷ്യല്‍മീഡിയകളിലൂടെയാണ് നടക്കുന്നത്.
ഭരണാധികാരികളെയും അവര്‍ക്ക് വേണ്ടി വിധിപ്രസ്താവിക്കുന്ന ന്യായാധിപന്‍മാരെയും നേരിട്ടതിന്റെ മാതൃകകള്‍ പണ്ഡിതന്‍മാരുടെ ചരിത്രത്തിലുടനീളം കാണാം. ഇസ്‌ലാമിക ചരിത്രത്തിന് സുപരിചിതമായ ഒന്നാണത്. നമ്മുടെ കാലത്ത് പല കാര്യങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. പണിമുടക്കവും റാലികളും പ്രകടനങ്ങളും ഭരണാധികാരികളെ ധിക്കരിക്കലും അങ്ങനെ കണ്ടെത്തിയിട്ടുള്ളവയാണ്. അക്രമിയോട് തുടരാന്‍ ആവശ്യപ്പെടുന്നവന്‍ ദൈവധിക്കാരമാണ് ഇഷ്ടപ്പെടുന്നത്. എന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ ഭരണാധികാരികളുടെ അടിമകളായി മാറുകയെന്നത് ഇസ്‌ലാമിന്റെ താല്‍പര്യമല്ലെന്നും അത് ഇസ്‌ലാമിന്റെ സംസ്‌കാരമല്ലെന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കി.
‘ഗല്ലാബ’ വിപ്ലവത്തെ സ്വാഗതം ചെയ്ത് ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡ് അതില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സലഫി കക്ഷിയായ ‘നൂര്‍ പാര്‍ട്ടി’ അതിനെ എതിര്‍ക്കുകയാണ് ചെയ്യുന്നത്. രാജ്യത്ത് അരാജകത്വത്തിനത് കാരണമാകുമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം പ്രകടനങ്ങളെ സൈനികമായി അടിച്ചമര്‍ത്താനുള്ള ആലോചനകളാണ് സീസി ഭരണകൂടം നടത്തുന്നത്. അതിന് മുന്നോടിയായി തിങ്കളാഴ്ച്ച പോലീസ്, സൈനിക, ഇന്റലിജന്‍സ് മേധാവികളുടെ യോഗം സീസി വിളിച്ചു ചേര്‍ത്തിരുന്നു. അതോടൊപ്പം തന്നെ അക്രമത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച് മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന നടപടികള്‍ ഈജിപ്ത് ഭരണകൂടം ഇപ്പോഴും തുടരുകയാണ്.

Related Articles