Current Date

Search
Close this search box.
Search
Close this search box.

പകുതി ജര്‍മന്‍കാരും രാജ്യത്ത് മുസ്‌ലിം ആധിക്യമുണ്ടെന്ന് കരുതുന്നതായി സര്‍വേഫലം

ബെര്‍ലിന്‍: രാജ്യത്തെ മുസ്‌ലിംകളുടെ ആധിക്യം കാരണം സ്വന്തം നാട്ടില്‍ അപരിചിതത്വം അനുഭവിക്കുന്നവരാണ് പകുതിയോളം ജര്‍മനിക്കാരുമെന്ന് സര്‍വേ ഫലം വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ദശലക്ഷത്തിലേറെ -അതില്‍ ഭൂരിപക്ഷവും മുസ്‌ലിംകളാണ്- അഭയാര്‍ഥികളെ സ്വീകരിച്ച ജര്‍മനിയില്‍ ഇസ്‌ലാം ഭീതി വര്‍ധിച്ചിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ലേപ്‌സിഗ് യൂണിവേഴ്‌സിറ്റി മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ സര്‍വേയാണിത് വ്യക്തമാക്കുന്നത്.
2420 ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ 50 ശതമാനവും മുസ്‌ലിംകളുടെ ആധിക്യം കാരണം തങ്ങളുടെ നാട്ടില്‍ അപരിചിതത്വം അനുഭവിക്കുന്നവരാണെന്ന് സര്‍വെ അഭിപ്രായപ്പെടുന്നു. 2014ല്‍ നടത്തിയ സര്‍വെയില്‍ ഇത് 43 ശതമാനമായിരുന്നു എന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു. മുസ്‌ലിംകള്‍ ജര്‍മനിയിലേക്ക് കുടിയേറുന്നത് തടയണമെന്ന് അഭിപ്രായമുള്ളവരാണ് 40 ശതമാനം ജര്‍മന്‍കാരും. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 36.6 ശതമാനമായിരുന്നു ഇത്.
ജര്‍മന്‍ ജനസംഖ്യയുടെ 5 ശതമാനം വരുന്ന മുസ്‌ലിംകളുടെ എണ്ണം നാല് ദശലക്ഷത്തോളം വരും. ജര്‍മനിയിലെ ആദ്യകാല മുസ്‌ലിംകള്‍ ജോലി തേടി തുര്‍ക്കിയില്‍ നിന്നും വന്നവരാണ്. എന്നാല്‍ 2015ല്‍ ജര്‍മനിയിലെത്തിയ മുസ്‌ലിംകളില്‍ ഭൂരിപക്ഷവും സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നും യുദ്ധവും ദാരിദ്ര്യവും കാരണം പലായനം ചെയ്‌തെത്തിയവരാണ്.

Related Articles