Current Date

Search
Close this search box.
Search
Close this search box.

ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ക്കെതിരെ യോജിച്ച നീക്കവുമായി മുസ്‌ലിം സംഘടനകള്‍

കോഴിക്കോട്: സംവരണം,മദ്യവ്യാപനം,മതപ്രബോധന സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യോജിച്ചു മുന്നേറാനും ശക്തമായ പ്രക്ഷോഭം ആരംഭിക്കാനും കോഴിക്കോട്ട് ചേര്‍ന്ന വിവിധ മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. കേരളത്തിലെ ന്യൂനപക്ഷ വിരുദ്ധ നീക്കത്തില്‍ മുഴുവന്‍ സംഘടനാ പ്രതിനിധികളും ആശങ്ക രേഖപ്പെടുത്തിയതായും ഇതിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതായി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും പറഞ്ഞു.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനെതിരെ യോജിച്ചു നീങ്ങാനും യോഗത്തില്‍ ധാരണയായി. ഇതിന്റെ ആദ്യഘട്ടമായി മുസ്‌ലിം സംഘടന നേതാക്കളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും. ഇതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു.

മുസ്ലിം ജനവിഭാഗങ്ങളും സംഘടനകളും ഒട്ടേറെ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. ഇക്കാര്യത്തില്‍ ഒരുമിച്ചു നീങ്ങാന്‍ തീരുമാനിച്ച യോഗം, വിഷയങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ ഒരു നിവേദക സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. മതപണ്ഡിതര്‍, സംഘടനാ നേതാക്കള്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടാവും.
സംവരണ വിഷയത്തില്‍ ഭരണഘടന വിരുദ്ധമായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളില്‍ സംവരണ നഷ്ടമുണ്ടാകുന്ന മറ്റു സമുദായങ്ങളെയും ഒപ്പം കൂട്ടും.

മദ്യവ്യാപനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മദ്യവിരുദ്ധ സംഘടനകളുമായി യോജിച്ചു പ്രവര്‍ത്തിക്കും. കേരളത്തില്‍ മദ്യം വ്യാപകമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ രാഷ്ട്രീയം മറന്ന് യോജിപ്പുകള്‍ ഉണ്ടാക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. മതപ്രബോധകരെ നിരന്തരം കേസുകളില്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഫാറൂഖ് കോളേജില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല, കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ഇത്തരത്തില്‍ മുസ്ലിം വിരുദ്ധ നടപടികള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി,ഒ. അബ്ദുറഹ്മാന്‍, ഡോ. ഹുസൈന്‍ മടവൂര്‍, ഉമര്‍ ഫൈസി മുക്കം, പി.പി ഉണ്ണീന്‍കുട്ടി മൗലവി, ടി. ശാക്കിര്‍, സമദ് കുന്നക്കാവ്, ടി.കെ അഷ്റഫ്, സി.പി കുഞ്ഞിമുഹമ്മദ്, ടി.കെ അബ്ദുല്‍ഹക്കീം, ഇ. അബ്ദുല്‍ റഷീദ്, എന്‍.കെ അലി, ഡോ. പി.ടി സെയ്തുമുഹമ്മദ്, കെ.പി.എ മജീദ്, കെ. കുട്ടി അഹമ്മദ് കുട്ടി, എം.സി മായിന്‍ ഹാജി തുടങ്ങിയവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു.

 

Related Articles