Current Date

Search
Close this search box.
Search
Close this search box.

നൈജീരിയയില്‍ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം: 11 പേര്‍ കൊല്ലപ്പെട്ടു

ബോര്‍ണോ: നൈജീരിയയിലെ മുസ്‌ലിം പള്ളിയില്‍ നടന്ന ചാവേറാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തിനു സമീപം കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന ഗംബോരു എന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്ത് നേരത്തെ ബൊകോ ഹറമിന്റെ ആക്രമണങ്ങളുണ്ടായിരുന്നു.

ബുധനാഴ്ച സുബ്ഹി നമസ്‌കാരത്തിനായി വിശ്വാസികള്‍ ഒരുമിച്ചു കൂടിയ സമയത്താണ് പള്ളിയില്‍ വച്ച് ചാവേര്‍ പൊട്ടിത്തെറിച്ചത്. ‘ഞാന്‍ പ്രഭാത നമസ്‌കാരത്തിനായി പള്ളിയിലേക്ക് നീങ്ങുകയായിരുന്നു. പെട്ടെന്നാണ് പള്ളിക്കകത്തു നിന്നും ഉഗ്രശബ്ദത്തോടെ സ്‌ഫോടമുണ്ടാവുന്നത്’. സംഭവത്തിന് ദൃക്‌സാക്ഷിയായ അലി മുസ്തഫ റോയിറ്റേഴ്‌സിനോട് പറഞ്ഞു.

സ്‌ഫോടനത്തില്‍ പള്ളി പൂര്‍ണമായും കത്തി നശിച്ചു. ഏതാനു മണിക്കൂറുകള്‍ കഴിഞ്ഞ് രക്ഷാപ്രവര്‍ത്തനം നടത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ചാവേറടക്കം 12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പാശ്ചാത്യന്‍ വിദ്യാഭ്യാസത്തിന് എതിരു നില്‍ക്കുന്നവരെന്നറിയപ്പെടുന്ന ബൊകോ ഹറം തീവ്രവാദ സംഘടനയുടെ പ്രധാന മേഖല കൂടിയാണിത്.

വടക്കുകിഴക്കന്‍ നൈജീരിയയില്‍ 2009 മുതല്‍ ബൊകോ ഹറം സായുധ ക്യാംപയിന്‍ തുടരുന്നുണ്ട്. ഇതിനോടകം ഇവരുടെ ആക്രമണങ്ങളില്‍ 20,000 പേര്‍ മരിക്കുകയും 2.6 മില്യണ്‍ ജനങ്ങള്‍ നാടുവിടുകയും ചെയ്തിട്ടുണ്ട്.

 

 

Related Articles