Current Date

Search
Close this search box.
Search
Close this search box.

നൈജീരിയയിലെ ലോ കോളജില്‍ ഹിജാബിന് വിലക്ക്

അബൂജ: നൈജീരിയയിലെ നിയമ പഠന സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ അഭിഭാഷകക്ക് പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്ക്. നൈജീരിയയിലെ ലാഗോസ് ആസ്ഥാനമായുള്ള ലോ കോളജ് വിദ്യാര്‍ത്ഥിനിയായ അമാസ ഫിര്‍ദൗസ് അബ്ദുസലാമിനാണ് ശിരോവസ്ത്രത്തിനു കോളജ് അധികൃതര്‍  വിലക്കേര്‍പ്പെടുത്തിയത്.

ഡിസംബര്‍ 12ന് കോളജില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് അമാസ അഭിഭാഷക വേഷത്തിന്റെ കൂടെ ഹിജാബ് ധരിച്ചെത്തിയത്. എന്നാല്‍ കോളജ് അധികൃതര്‍ അമാസയെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. സര്‍വകലാശാലയുടെ ഡ്രസ് കോഡ് ലംഘിച്ചെന്നാരോപിച്ചാണ് കോളജ് അധികൃതര്‍ അമാസക്ക് പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

കോളജ് അധികൃതരുടെ നിലപാടിനെതിരേ വിദ്യാര്‍ഥിനി തന്നെ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. അമാസ കോളജിലെ യൂണിഫോമായ ഗൗണ്‍ ധരിച്ചിരുന്നു. ഹിജാബിന് മുകളിലായി കോളജിന്റെ യൂണിഫോമില്‍പ്പെട്ട തൊപ്പിയും ധരിച്ചിരുന്നു.
നിരവധി മുസ്‌ലിം സ്ത്രീകള്‍ രാജ്യത്ത് തങ്ങളുടെ മതവിശ്വാസത്തിന്റെ ഭാഗമായി ഹിജാബ് ധരിക്കുന്നുണ്ട്.

1999ലെ രാജ്യത്തെ ഭരണഘടനയിലെ സെക്ഷന്‍ 38 പ്രകാരം രാജ്യത്തെ പൗരന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഇതിലൂടെ തന്റെ അവകാശമാണ് ലംഘിക്കപ്പെട്ടതെന്നും അമാസ പറഞ്ഞു. അടുത്ത വര്‍ഷവും നിയമങ്ങള്‍ പാലിക്കുകയാണെങ്കില്‍ മാത്രമേ ഇനി അവര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് നൈജീരിയന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എ.ബി മഹ്മൂദ് പറഞ്ഞു. മറ്റു രാജ്യങ്ങളിലൊന്നും അഭിഭാഷകര്‍ക്ക് ഇത്തരത്തിലുള്ള വിലക്കുകളില്ലെന്നും തന്റെ മകള്‍ ഹിജാബ് ധരിച്ചാണ് ന്യൂയോര്‍ക്കിലെ കോടതിയില്‍ ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവം വിവാദമായതോടെ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയാണ് നടക്കുന്നത്. നിരവധി പേരാണ് അമാസക്ക് പിന്തുണയുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. ഫിര്‍ദൗസിന് നീതി ലഭ്യമാക്കുക എന്നാവശ്യപ്പെട്ട് ഹാഷ്ടാഗ് ക്യാംപയിന്‍ ട്വിറ്ററില്‍ ആരംഭിച്ചു.  

 

Related Articles