Current Date

Search
Close this search box.
Search
Close this search box.

നേരിട്ട് മുട്ടാന്‍ ശേഷിയില്ലാത്തവരാണ് ഭീകരരിലൂടെ പിന്നില്‍ നിന്ന് കുത്തുന്നത്: എര്‍ദോഗാന്‍

അങ്കാറ: രാജ്യത്തിന്റെ സുരക്ഷക്ക് നേരെ വെല്ലുവിളി ഉയര്‍ത്തുന്ന ഭീകരസംഘടനകളെ പിടിച്ചു കെട്ടേണ്ട ഉത്തരവാദിത്വം രാജ്യത്തിനുണ്ടെന്നും ഭീകരരെ അവരുടെ പ്രഭവകേന്ദ്രങ്ങളില്‍ വെച്ച് ആക്രമിക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. തലസ്ഥാനമായ അങ്കാറയില്‍ പുതിയ മെട്രോ റെയിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുര്‍ക്കിയുമായി പരസ്യമായി നേരിട്ട് മുട്ടാന്‍ ശേഷിയില്ലാത്തവരാണ് രക്തം ചിന്തുന്നതിനും പിന്നില്‍ നിന്ന് കുത്തുന്നതിനും ഭീകരസംഘടനകളെ ഉപയോഗിക്കുന്നത്. ഐഎസ് ഭീകരര്‍ക്കെതിരെയുള്ള യുദ്ധത്തിന്റെ പേരില്‍ ഭീകരസംഘടനകളെ സഹായിക്കുന്നവരുടെ കുതന്ത്രങ്ങള്‍ തുര്‍ക്കിയുടെ രംഗപ്രവേശനത്തോടെ തകര്‍ക്കപ്പെട്ടിരിക്കുന്നു. പ്രദേശത്തെ ഐഎസില്‍ നിന്നോ മറ്റ് ഭീകരസംഘടനകളില്‍ നിന്നോ മോചിപ്പിക്കുന്നതിലല്ല അവര്‍ ശ്രദ്ധ വെച്ചത്. മറിച്ച് പ്രദേശത്തെ രക്തപ്പുഴയാക്കി മാറ്റാനാണ് അവര്‍ ശ്രമിച്ചത്. എന്ന് എര്‍ദോഗാന്‍ പറഞ്ഞു.
ഐഎസിനെതിരെയുള്ള പോരാട്ടത്തില്‍ അവധാനത കാണിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെയുള്ള പോരാട്ടം തുര്‍ക്കി തുടരുമെന്നും പ്രസിഡന്റ് എര്‍ദോഗാന്‍ വ്യക്തമാക്കി. രാജ്യത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ അവയുടെ ഉത്ഭവസ്ഥാനത്ത് വെച്ച് തന്നെ അവസാനിപ്പിക്കാനുള്ള ബാധ്യത ഞങ്ങള്‍ക്കുണ്ട്. തുര്‍ക്കിയുടെ സുരക്ഷ ഗാസിയെന്റബില്‍ നിന്നല്ല ആരംഭിക്കുന്നത് മറിച്ച് അലപ്പോയില്‍ നിന്നാണ്. ഹത്വായില്‍ നിന്നല്ല ഇദ്‌ലിബില്‍ നിന്നാണ് അതാരംഭിക്കുന്നത് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles