Current Date

Search
Close this search box.
Search
Close this search box.

നെതര്‍ലാന്‍ഡ്‌സിനെതിരെ നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര വേദികളോട് എര്‍ദോഗാന്‍

ഇസ്തംബൂള്‍: തുര്‍ക്കി മന്ത്രിമാരെ പ്രസംഗിക്കാന്‍ അനുമതി നിഷേധിച്ച നെതര്‍ലാന്‍ഡിസിനെതിരെ നടപടി സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയനോടും മറ്റ് അന്താരാഷ്ട്ര വേദികളോടും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ ആവശ്യപ്പെട്ടു. തുര്‍ക്കിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ കോഖേലിയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര ജനാധിപത്യ നിയമങ്ങള്‍ പാലിക്കാത്ത ഫാഷിസ്റ്റ് ഭരണകൂടങ്ങളെ പോലെയാണ് നെതര്‍ലാന്‍ഡ്‌സിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
തുര്‍ക്കി കുടുംബക്ഷേമ മന്ത്രി ഫാതിമ ബതൂല്‍ സയാന്‍ കായെ നെതര്‍ലാന്റ് ഭരണകൂടം തടഞ്ഞിരുന്നു. തുര്‍ക്കിയിലെ ഭരണസംവിധാനം പ്രസിഡന്‍ഷ്യന്‍ രീതിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച ഹിതപരിശോധനയുടെ ഭാഗമായി പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനായിരുന്നു അവര്‍ നെതര്‍ലാന്‍ഡ്‌സിലെത്തിയത്. റോട്ടര്‍ഡാമിലെ തുര്‍ക്കി കോണ്‍സുലേറ്റിലെത്തിയ മന്ത്രിയെ ഡച്ച് പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ തുര്‍ക്കി പതാകകളുമേന്തി കോണ്‍സുലേറ്റിന് മുന്നില്‍ സംഘടിച്ചു. തുടര്‍ന്ന് ജലപീരങ്കിയും പോലീസ് നായ്ക്കളെയും ഉപയോഗിച്ചാണ് പ്രകടനക്കാരെ പോലീസ് നേരിട്ടത്. രോഷാകുലരായ ജനക്കൂട്ടം കുപ്പികളും കല്ലുകളുമെറിഞ്ഞ് പൊലീസിനെ പ്രതിരോധിച്ചു. നിരവധി പ്രതിഷേധക്കാരെ പൊലീസ് തല്ലിച്ചതച്ചതായും റിപ്പോര്‍ട്ടുണ്ട്. തിരികെ മടങ്ങാന്‍ വിസമ്മതിച്ച മന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും ഡച്ച് പൊലീസും തമ്മില്‍ മണിക്കൂറോളം വാഗ്വാദം നടന്നു. മന്ത്രിയെ പിന്നീട് കനത്ത സുരക്ഷ അകമ്പടിയോടെ ജര്‍മന്‍ അതിര്‍ത്തിയിലേക്ക് മാറ്റുകയായിരുന്നു.
ജനാധിപത്യത്തിന്റെ പേരില്‍ നെതര്‍ലന്‍ഡ്‌സില്‍ നടന്നത് ഫാഷിസമാണെന്ന് തുര്‍ക്കി മന്ത്രി ഫാതിമ ട്വിറ്ററില്‍ കുറിച്ചു. ഒരു വനിതാ മന്ത്രിയോടുള്ള അവരുടെ ഇത്തരത്തിലുള്ള സമീപനം അസ്വീകാര്യമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഹിതപരിശോധനയുടെ പേരില്‍ രാജ്യത്ത് തുര്‍ക്കി മന്ത്രിമാര്‍ പ്രചാരണം നടത്തുന്നത് സ്വീകാര്യമല്ലെന്ന് നെതര്‍ലന്‍ഡ്‌സ് സര്‍ക്കാറും വ്യക്തമാക്കി. അടുത്ത ആഴ്ച പൊതുതെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഇത്തരം റാലികള്‍ സംഘര്‍ഷത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയെ നെതര്‍ലന്‍ഡ്‌സ് അധികൃതര്‍ തടഞ്ഞത്. സംഭവത്തിനെതിരെ തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം രംഗത്തത്തെി. നെതര്‍ലന്‍ഡ്‌സ് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. സംഭവത്തെ തുടര്‍ന്ന് അങ്കാറയിലെ ഡച്ച് എംബസിയും ഇസ്തംബൂളിലെ കോണ്‍സുലേറ്റും അടച്ചു. ഡച്ച് നടപടിക്കെതിരെ ഈ നയതന്ത്രമന്ത്രാലയങ്ങള്‍ക്കു മുന്നില്‍ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. പ്രശ്‌നങ്ങളെ തുടര്‍ന്ന് ഞായറാഴ്ച സ്‌റ്റോക്‌ഹോമില്‍ നടത്താനിരുന്ന പരിപാടി അക് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ റദ്ദാക്കി. പകരം ഹാംബര്‍ഗിലെ തുര്‍ക്കി കോണ്‍സുലേറ്റില്‍നിന്നാണ് അദ്ദേഹം സംസാരിച്ചത്.
തുര്‍ക്കി വിദേശമന്ത്രി മവ്‌ലൂത് കാവുസോഗ്‌ലുവും സമാനമായ സംഭവം നേരിട്ടിരുന്നു. ശനിയാഴ്ച റോട്ടര്‍ഡാമില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കുന്നതിന് നെതര്‍ലന്‍ഡ്‌സ് യാത്രാനുമതി നിഷേധിച്ചിരുന്നു. വടക്കന്‍ ജര്‍മനിയിലെ ഹാംബര്‍ഗില്‍ കഴിഞ്ഞാഴ്ച നടക്കാനിരുന്ന റാലിയില്‍നിന്നു ഇദ്ദേഹത്തെ തടയുകയും ചെയ്തു. റോട്ടര്‍ഡാമില്‍ വിദേശകാര്യമന്ത്രിക്ക് യാത്രാനുമതി നിഷേധിച്ച സംഭവത്തെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ രൂക്ഷമായി വിമര്‍ശിച്ചു. അവര്‍ക്ക് രാഷ്ട്രീയമോ നയതന്ത്രമോ എന്തെന്നറിയില്ല. കാരണം അവര്‍ നാസികളുടെ അവശിഷ്ടം പേറുന്നവരും ഫാഷിസ്റ്റുകളുമാണെന്നും എര്‍ദോഗാന്‍ ആരോപിച്ചു. എര്‍ദോഗാന്റെ പ്രസ്താവന പ്രകോപനപരമാണെന്ന് നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക് റൂത് പ്രതികരിച്ചു. പ്രവേശനം വിലക്കുകയാണെങ്കില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ രാഷ്ട്രീയസാമ്പത്തിക ഉപരോധങ്ങള്‍ നടപ്പാക്കുമെന്ന് കാവുസോഗ്‌ലു മുന്നറിയിപ്പു നല്‍കി.
55 ലക്ഷം തുര്‍ക്കികള്‍ രാജ്യത്തിനു പുറത്തുകഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇവരില്‍ ഏറിയ പങ്കും. അടുത്ത മാസം നടക്കുന്ന ഹിതപരിശോധനയില്‍ ഇവരുടെ വോട്ടുറപ്പിക്കാനാണ് എര്‍ദോഗാന്റെ ശ്രമം. തുര്‍ക്കിയിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ജര്‍മന്‍ മണ്ണിനെ ബാധിക്കുന്നത് തടയാന്‍ ആവശ്യമാവുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ വ്യക്തമാക്കിയിരുന്നു. റാലി അനുവദിക്കില്ലെന്ന് ആസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കിയിരുന്നു. ജൂലൈയില്‍ നടന്ന പട്ടാള അട്ടിമറിശ്രമത്തിനു ശേഷം തുര്‍ക്കിയില്‍ നടന്ന കൂട്ട അറസ്റ്റിനെതിരെ ജര്‍മനിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു എന്നതും ശ്രദ്ധേയമാണ്.

Related Articles