Current Date

Search
Close this search box.
Search
Close this search box.

നെടുമ്പാശ്ശേരിയില്‍ ഹജ്ജ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഓഫിസ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. വിമാനത്താവളത്തോട് ചേര്‍ന്നുള്ള വിമാന അറ്റകുറ്റപ്പണി കേന്ദ്രത്തിലാണ് ഓഫിസ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുക. 10189 പേര്‍ക്കാണ് ഈ വര്‍ഷം ഇതുവരെ ഹജ്ജിന് അനുമതി ലഭിച്ചത്. ഹജ്ജ് ഓഫിസിനോട് ചേര്‍ന്ന് ഹജ്ജ് സെല്ലും ബുധനാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഹജ്ജ് കമ്മിറ്റിയുടെയും വിമാനത്താവളത്തിലെ വിവിധ ഏജന്‍സികളുടെയും സംയുക്ത യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏതുവിധത്തില്‍ മുന്നോട്ടുകൊണ്ടുപോകണമെന്നത് സംബന്ധിച്ച് രൂപ രേഖയും തയാറാക്കി.
വിമാനത്താവള ഡയറക്ടര്‍ എ.സി.കെ.നായര്‍, ഹജ്ജിന്റെ ചുമതലക്കാരന്‍ കൂടിയായ വിമാനത്താവള എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എ.എം.ഷബീര്‍, ഹജ്ജ്‌സെല്‍ സ്‌പെഷല്‍ ഓഫിസറും ക്രൈംബ്രാഞ്ച് എസ്.പിയുമായ യു.അബ്ദുല്‍കരീം, ഹജ്ജ് കമ്മിറ്റി സെക്രട്ടറി ഇ.സി. മുഹമ്മദ്മാസ്റ്റര്‍, മുജീബ് റഹ്മാന്‍ പുത്തലത്ത്, മുഹമ്മദ് ബാബുസേട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹജ്ജ് വിമാന സര്‍വിസ് കോഴിക്കോട്ടുനിന്ന് മാറ്റിയത് ഗൗരവമായി കാണുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മഹബൂബ്  അലി കൗസര്‍ വാര്‍ത്താസമ്മേളനത്തില്‍  പറഞ്ഞു. രണ്ടു വര്‍ഷമായി കേരളത്തില്‍നിന്നുള്ള ഹാജിമാരെ കൊച്ചി എയര്‍പോര്‍ട്ട് വഴിയാണ് കൊണ്ടുപോകുന്നത്. സിവില്‍ വ്യോമയാന വകുപ്പിന്റെ ഉത്തരവ് പ്രകാരമാണ് ഇത്. കേരളത്തില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകരില്‍ ഭൂരിഭാഗവും മലബാറില്‍നിന്നാണെന്ന് മനസ്സിലായിട്ടുണ്ട്. റണ്‍വേ വികസനവുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാണ് ഹജ്ജ് വിമാന സര്‍വിസ് കോഴിക്കോടുനിന്ന് കൊച്ചിയിലേക്ക് മാറ്റാനിടയായതെന്നാണ് വ്യോമയാന വകുപ്പിന്റെ വിശദീകരണം. ഏതായാലും ഈ പ്രശ്‌നം ഗൗരവമായി കണക്കിലെടുത്ത് സിവില്‍ വ്യോമയാന വകുപ്പ് അധികാരികളുമായി ചര്‍ച്ചചെയ്ത്  സര്‍വീസ് കോഴിക്കോട്ടുനിന്നുതന്നെ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
കേരളത്തില്‍നിന്ന് ഹജ്ജിന് അപേക്ഷിക്കുന്നവരില്‍ 20 ശതമാനം പേര്‍ക്കുപോലും അവസരം കിട്ടാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സൗദി ഹജ്ജ് ക്വോട്ട വര്‍ധിപ്പിക്കാതെ ഇതിന് പരിഹാരമില്‌ളെന്നായിരുന്നു മറുപടി. താമസപ്രശ്‌നം കാരണം ഓരോ രാഷ്ട്രത്തിന്റെയും ഹജ്ജ് ക്വോട്ട സൗദി സര്‍ക്കാര്‍ കുറച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഹജ്ജ് ക്വോട്ടയും 20 ശതമാനം കുറച്ചിട്ടുണ്ട്. ലക്ഷത്തി ഇരുപതിനായിരം പേര്‍ക്കാണ് ഈ വര്‍ഷം ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിച്ചിട്ടുള്ളത്. ഈ വിഷയത്തില്‍ നയതന്ത്ര തലത്തില്‍ സൗദിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.  ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ലോക് ജന്‍ശക്തി സംസ്ഥാന പ്രസിഡന്റ് എം. മഹബൂബ് എന്നിവരും  സംബന്ധിച്ചു.

Related Articles