Current Date

Search
Close this search box.
Search
Close this search box.

‘നിഷ്പക്ഷാന്തരീക്ഷം’ കാത്തുസൂക്ഷിക്കാന്‍ ശിരോവസ്ത്ര ധാരിണിയെ പിരിച്ചുവിട്ടു

വാഷിംഗ്ടണ്‍: ഓഫീസിലെ നിഷ്പക്ഷ അന്തരീക്ഷം നിലനിര്‍ത്താന്‍ വെര്‍ജിനിയയിലെ ഡെന്റല്‍ ക്ലിനിക്ക് ശിരോവസ്ത്രം ധരിച്ചെത്തിയ മുസ്‌ലിം യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. നജഫ് ഖാന്‍ എന്ന യുവതിക്കാണ് ഫെയല്‍ ഓക്‌സ് ഡെന്റല്‍ കെയര്‍ എന്ന സ്ഥാപനത്തില്‍ നിന്നും ഈ ദുരനുഭവമുണ്ടായത്. ഇന്റര്‍വ്യൂ സമയത്തും ജോലിയിലെ ആദ്യ രണ്ട് ദിവസങ്ങളിലും അവര്‍ ശിരോവസ്ത്രം ധരിച്ചിരുന്നില്ല. പിന്നീട് ശിരോവസ്ത്രം ധരിച്ച് ഓഫീസിലെത്തിയപ്പോള്‍ ക്ലിനിക്ക് ഉടമ ഡോ. ചക് ജൂ അവരോട് അത് ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തന്റെ ഓഫീസില്‍ ‘നിഷ്പക്ഷാന്തരീക്ഷം’ കാത്തു സൂക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നു എന്നാണ് അദ്ദേഹം അതിന് കാരണമായി അവരോട് പറഞ്ഞത്. ഇസ്‌ലാമിക ശിരോവസ്ത്രം രോഗികളില്‍ അസ്വസ്ഥതയുണ്ടാക്കുമെന്നും മതപരമായ കാര്യങ്ങള്‍ ഓഫീസിന് പുറത്തു മതിയെന്നും അദ്ദേഹം പറഞ്ഞു. ഒന്നുകില്‍ ജോലി ഉപേക്ഷിക്കുക അല്ലെങ്കില്‍ ശിരോവസ്ത്രം ഉപേക്ഷിക്കുക എന്ന് ക്ലിനിക്കുടമ പറഞ്ഞപ്പോള്‍ മതത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലെന്നാണ് ഖാന്‍ മറുപടി നല്‍കിയത്.
ഒരു ജീവനക്കാരനും തന്റെ വിശ്വാസത്തിന്റെയോ മതമനുസരിച്ച് ജീവിക്കുന്നതിന്റെയോ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെടരുതെന്ന് സംഭവത്തോട് പ്രതികരിച്ചു കൊണ്ട് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍ (CAIR) പറഞ്ഞു. ഡെന്റല്‍ ക്ലിനിക്കുമായി ബന്ധപ്പെട്ട് മതാചാര പ്രകാരം വസ്ത്രം ധരിച്ച് ജോലി ചെയ്യാന്‍ യുവതിക്ക് അവസരം നല്‍കാന്‍ ആവശ്യപ്പെടുമെന്നും കൗണ്‍സില്‍ സൂചിപ്പിച്ചു.

Related Articles