Current Date

Search
Close this search box.
Search
Close this search box.

നിര്‍ബന്ധിത മതപരിവര്‍ത്തനം ഇസ്‌ലാമില്‍ കുറ്റകൃത്യമാണ്: നവാസ് ശരീഫ്

കറാച്ചി: നിര്‍ബന്ധിത മതപരിവര്‍ത്തനവും മറ്റും മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതും ഇസ്‌ലാം കുറ്റകൃത്യമായിട്ടാണ് പരിഗണിക്കുന്നതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. കറാച്ചിയില്‍ സംഘടിപ്പിക്കപ്പെട്ട ഹോളി ആഘോഷ പരിപാടിയില്‍ പാകിസ്താനിലെ ഹിന്ദു സമൂഹത്തിന് ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര് സ്വര്‍ഗത്തില്‍ പോകുമെന്നും ആരെല്ലാമാണ് നരകത്തില്‍ പോകുകയെന്നും തീരുമാനിക്കുന്നത് ആരുടെയും ജോലിയല്ല. എന്നാല്‍ പാകിസ്താനെ ഭൂമിയിലെ സ്വര്‍ഗമാക്കി മാറ്റാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഏതെങ്കിലും ഒരു മതം അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ജാതിയോ വംശമോ മതമോ പരിഗണിക്കാതെ മുഴുവന്‍ മനുഷ്യര്‍ക്കും ഇസ്‌ലാം പ്രാധാന്യം നല്‍കുന്നു. ആരെയെങ്കിലും അയാളുടെ മതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് ഒരു കുറ്റകൃത്യമാണെന്നും പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ ആരാധനാ കേന്ദ്രങ്ങള്‍ സംരക്ഷിക്കല്‍ നമ്മുടെ ഉത്തരവാദിത്വമാണെന്നും ഞാന്‍ വ്യക്തമായി പറയുകയാണ്. പാകിസ്താനില്‍ മതത്തിന്റെ പേരില്‍ ഒരു സംഘട്ടനവുമില്ല. എവിടെയെങ്കിലും സംഘട്ടനം നടക്കുന്നുണ്ടെങ്കില്‍ അത് ഭീകരര്‍ക്കും ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതിനും നിരപരാധികളെ കൊല്ലുന്നതിനും മതത്തെ കൂട്ടുപിടിക്കുന്ന അക്രമികള്‍ക്കും എതിരെയാണ്. രാജ്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും ആഗ്രഹിക്കാത്തവരാണവര്‍. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles