Current Date

Search
Close this search box.
Search
Close this search box.

നിര്‍ധന വിദ്യാര്‍ഥികളുടെ പഠന സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തണം: എം.ഐ അബ്ദുല്‍ അസീസ്

താനൂര്‍: സാമ്പത്തിക പ്രയാസം മൂലം ഉന്നത പഠനങ്ങള്‍ക്ക് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ പഠനമുപേക്ഷിക്കുന്നതിന്റെ ഉത്തരവാദികള്‍ സര്‍ക്കാറും സമൂഹവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. പീപ്പിള്‍സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ദരിദ്ര പിന്നോക്ക മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക്  സ്‌കൂള്‍ കിറ്റ് നല്‍കുന്ന എഡ്യു കാച്ച് പദ്ധതിയുടെ സംസ്ഥാന തല വിതരണോത്ഘാടനം താനൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കമായിരുന്ന ജില്ലകളും പ്രദേശങ്ങളും വളരേയേറെ മുന്നേറിയതിന്റെ ഗുണഫലം സമൂഹത്തിന് ലഭ്യമാവണമെങ്കില്‍ സന്നദ്ധ സംഘടനകളുടെ പദ്ധതികളും സമൂഹത്തിന്റെ പിന്തുണയും അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബ് റഹ്മാന്‍ അധി്യക്ഷത വഹിച്ചു. ആപേക്ഷിക ദാരിദ്ര്യ സൂചികയില്‍ മുന്നിട്ടു നില്‍ക്കുന്ന കേരളത്തിലെ പിന്നോക്ക മേഖലകളിലെയും ദരിദ്ര കുടുംബങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്റെ സമ്മാനമാണ് എഡ്യുകാച്ച് പദ്ധതിയെന്ന് അദ്ദേഹം സൂചിപ്പിച്ചു.
എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കൃത്യമായ നയനിലപാടുകളോ സാമൂഹ്യ സേവന തല്‍പരതയോ ഇല്ലാതെ കച്ചവടം മാത്രം ലക്ഷ്യം വെച്ച് വളര്‍ന്നു വികസിച്ച കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖല ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെയും സാമൂഹ്യ മൂല്യങ്ങളെയും ദോഷകരമായി ബാധിക്കുകയും നിര്‍ധന വിദ്യാര്‍ഥികളുടെ പഠന സ്വപ്നങ്ങളെ തടയുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കു വേണ്ടി ആദ്യത്തെ സ്‌കൂള്‍ കിറ്റ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോഡിനേറ്റര്‍ അബ്ദു റഹിം പുത്തനത്താണി ഏറ്റുവാങ്ങി. പീപ്പിള്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ പി.സി ബഷീര്‍, സെക്രട്ടറി ഹബീബ് റഹ്മാന്‍ സി.പി എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി താനൂര്‍ ഏരിയ പ്രസിഡന്റ് സി. അബ്ദു ലത്തീഫ് നന്ദിയും പറഞ്ഞു. സംസ്ഥാനത്ത് 5000 വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. വെള്ളിയാഴ്ച സംസ്ഥാനത്തെ 143 കേന്ദ്രങ്ങളില്‍ വിതരണം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Articles