Current Date

Search
Close this search box.
Search
Close this search box.

നിരോധനത്തെ നിയമത്തിന്റെ വഴികളിലൂടെ നേരിടും: സാകിര്‍ നായിക്

മുംബൈ: ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് മേലുള്ള നിരോധനത്തെ നിയമത്തിന്റെ വഴികളിലൂടെ നേരിടുമെന്ന് പ്രമുഖ ഇസ്‌ലാമിക പ്രബോധകന്‍ സാകിര്‍ നായിക്. വെള്ളിയാഴ്ച്ച മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പുറത്തുവിട്ട കത്തിലൂടെയാണ് അദ്ദേഹമിത് വ്യക്തമാക്കിയത്. അന്വേഷണം നടത്തുകയോ റിപോര്‍ട്ട് സമര്‍പിക്കുകയോ ചെയ്യുന്നതിന് മുമ്പ് ഐ.ആര്‍.എഫിനെ നിരോധിച്ച തീരുമാനം വര്‍ഗീയമാണെന്നും കഴിഞ്ഞ 25 വര്‍ഷമായി നിയമപരമായിട്ടാണ് താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ പോലും തന്നെ ചോദ്യം ചെയ്യുകയോ തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്ത് നോട്ടു അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൊണ്ടുവന്നിട്ടുള്ള നിരോധനം മാധ്യമങ്ങളുടെ ശ്രദ്ധ തെറ്റിക്കാനാണെന്നും സാകിര്‍ നായിക് അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ പോലുള്ള തെരെഞ്ഞെടുത്ത സംഘടനകള്‍ക്ക് മേല്‍ യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചാര്‍ത്തുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. 2021 ഡിസംബര്‍ 31 ഇസ്‌ലാമിന്റെയും ക്രിസ്തുമതത്തിന്റെയും ഇന്ത്യയിലെ അവസാന ദിനമായിരിക്കുമെന്ന് ധര്‍മ് ജാഗരണ്‍ മഞ്ചിന്റെ രാജേശ്വര്‍ സിങ് പ്രസ്താവന നടത്തിയ കാര്യവും കത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി വര്‍ഗീയ വിദ്വേഷം വമിക്കുന്ന പ്രസംഗങ്ങള്‍ തുടരുന്ന രാജേശ്വര്‍ സിങ്, യോഗി ആദിത്യനാഥ്, സാധ്വി പ്രാചി പോലുള്ളവരെ നിയമം കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles