Current Date

Search
Close this search box.
Search
Close this search box.

നിരാഹാരത്തില്‍ കഴിയുന്ന തടവുകാരുടെ നില അതീവ ഗുരുതരം: റെഡ് ക്രോസ്

വെസ്റ്റ്ബാങ്ക്: ഇസ്രയേല്‍ ജയിലില്‍ നിരാഹാരത്തില്‍ കഴിയുന്ന നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരുടെ നില അതീവഗുരുതരാവസ്ഥയിലേക്ക് കടന്നിരിക്കുകയാണെന്ന് റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ മുന്നറിയിപ്പ് നല്‍കി. നിരാഹാരത്തില്‍ കഴിയുന്ന മുഴുവന്‍ തടവുകാരെയും തങ്ങളുടെ ഡോക്ടര്‍മാര്‍ പരിശോധിച്ചിട്ടുണ്ടെന്നും അവരുടെ അവസ്ഥ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും റെഡ് ക്രോസ് പ്രസ്താവന വ്യക്തമാക്കി. അധിനിവേശ ജയിലുകളിലെ മോശപ്പെട്ട സാഹചര്യത്തില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ തടവുകാര്‍ ആരംഭിച്ച നിരാഹാര സമരം 39ാം ദിവസത്തിലെത്തി നില്‍ക്കുകയാണ്. ഫതഹ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മര്‍വാന്‍ ബര്‍ഗൂഥിയാണ് നിരാഹാര സമരത്തിന് നേതൃത്വം നല്‍കുന്നത്.
നിരാഹാരം ആറാഴ്ച്ച പിന്നിട്ടിരിക്കുന്ന വേളയില്‍ വൈദ്യശാസ്ത്ര കാഴ്ച്ചപ്പാടനുസരിച്ച് തടവുകാര്‍ നേരിട്ടേക്കാവുന്ന ആരോഗ്യപരമായ കടുത്ത വെല്ലുവിളി ഉത്കണ്ഠയുണ്ടാക്കുന്നതാണെന്നും ഗുരുതരമായ ഒരു ഘട്ടത്തിലേക്കാണത് കടക്കുന്നതെന്നും ഇസ്രയേലിലെയും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെയും റെഡ് ക്രോസിന്റെ ആരോഗ്യവിഭാഗം തലവന്‍ വ്യക്തമാക്കി. തടവുകാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതും മരണം സംഭവിക്കുന്നതും ഒഴിവാക്കാന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളും മുന്നിട്ടിറങ്ങണമെന്നും പ്രസ്താവന ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ ജയിലിലെ ഫലസ്തീന്‍ തടവുകാരെ സന്ദര്‍ശിക്കുന്നതിന് റെഡ് ക്രോസിന് മാത്രമാണ് അനുമതി നല്‍കുന്നതെന്നും അല്‍ജസീറ സൂചിപ്പിച്ചു.

Related Articles