Current Date

Search
Close this search box.
Search
Close this search box.

നിരവധി സുന്നി തടവുകാരുടെ വധശിക്ഷ ഇറാന്‍ നടപ്പാക്കി

തെഹ്‌റാന്‍: ഇറാനിലെ കുര്‍ദിസ്താന്‍ പ്രവിശ്യയില്‍ ‘അത്തൗഹീദ് വല്‍ജിഹാദ്’ എന്ന സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്നാരോപിച്ച് ഇറാന്‍ ഭരണകൂടം നിരവധി പേരുടെ വധശിക്ഷ നടപ്പാക്കി. ജനതക്ക് നേരെ ഭീകരപ്രവര്‍ത്തനം നടത്തിയവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്നാണ് ഇറാന്‍ പബ്ലിക് പ്രോസിക്യൂഷന്റെ വാദം. ചൊവ്വാഴ്ച്ച രാത്രി വധശിക്ഷക്ക് വിധേയരാക്കപ്പെട്ടവര്‍ നടത്തിയ ആക്രമണങ്ങളില്‍ പോലീസുകാരടക്കം 21 പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ആരോപിച്ചു. സനന്ദജ് നഗരത്തിലെ സ്‌ഫോടവുമായും സ്‌ഫോടക വസ്തുക്കളുടെ നിര്‍മാണവുമായും ബന്ധമുള്ളവരാണ് അവരെന്നും അദ്ദേഹം സൂചിപ്പിച്ചു.
പത്തിനും ഇരുപതിനും ഇടക്ക് ആളുകളുടെ വധശിക്ഷ ചൊവ്വാഴ്ച്ച രാത്രി നടപ്പാക്കപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ അഭിപ്രായപ്പെടുന്നത്. പ്രതികളെ കൊണ്ട് നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിക്കുകയായിരുന്നു എന്നും അവ ആരോപിച്ചു. കഴിഞ്ഞ ദിവസം ചുരുങ്ങിയത് പത്ത് പേരെയെങ്കിലും ഇറാന്‍ വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വധശിക്ഷയെ അപലപിച്ചു കൊണ്ട് വ്യക്തമാക്കി. 2016ല്‍ ഇറാന്‍ 230 വധശിക്ഷ നടപ്പാക്കിയിട്ടുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഡയറക്ടര്‍ സാറ ലേ വിറ്റ്‌സണ്‍ പറഞ്ഞു.
അതേസമയം വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഏതാനും സുന്നി രാഷ്ട്രീയ തടവുകാര്‍ കഴിഞ്ഞ ദിവസം തങ്ങളോടൊപ്പമുണ്ടായിരുന്ന 21 പേരെ വധശിക്ഷക്ക് വിധേയരാക്കിയതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം ആരംഭിച്ചതായി നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്‍ (National Council of Resistance of Iran) പറഞ്ഞു. സുന്നീ തടവുകാരെ വധശിക്ഷക്ക് വിധേയരാക്കിയ നടപടിയ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യം എന്നാണ് കൗണ്‍സില്‍ അധ്യക്ഷ മര്‍യം റജവി വിശേഷിപ്പിച്ചത്. വന്യമായ ഈ കുറ്റകൃത്യത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കാനും വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യപ്പെടാനും അവര്‍ ആഹ്വാനം ചെയ്തു.

Related Articles