Current Date

Search
Close this search box.
Search
Close this search box.

നിഖാബ് നിരോധിക്കണമെന്ന ആവശ്യവുമായി ഓസ്ട്രിയന്‍ രാഷ്ട്രീയ നേതാക്കള്‍

വിയന്ന: നിഖാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഓസ്ട്രിയന്‍ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത്. ഭൂരിപക്ഷം കത്തോലിക്കാ വിശ്വാസികളായ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് കൂടികലര്‍ന്ന് ജീവിക്കുന്നതിന് അത് തടസ്സമാവുന്നു എന്നതാണ് അവരുടെ വാദം. പല യൂറോപ്യന്‍ രാജ്യങ്ങളിലും മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണം വിവാദ വിഷയമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം. നിഖാബ് പോലുള്ള മതചിഹ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് ഓസ്ട്രിയന്‍ വിദേശകാര്യ- സാമൂഹികോദ്ഗ്രഥന വകുപ്പ് മന്ത്രി സെബാസ്റ്റ്യന്‍ കൂര്‍സ് പറഞ്ഞു. അടുത്ത വര്‍ഷം സാമൂഹികോദ്ഗ്രഥനത്തിന് പുതിയ നിയമം കൊണ്ടുവരാനിരിക്കുകയാണ് അദ്ദേഹം അംഗമായിട്ടുള്ള പീപ്പ്ള്‍സ് പാര്‍ട്ടി. ശരീരം പൂര്‍ണമായി മറക്കുന്ന നിഖാബ് കൂടിക്കലരിന് തടസ്സമാണെന്നും അതൊരു മതപ്രതീകമല്ല മറിച്ച് വിദേശീയ സമൂഹത്തിന്റെ പ്രതീകമാണെന്നും കൂര്‍സ് തന്റെ റേഡിയോ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
നിഖാബിന് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്താന്‍ ഭരണഘടനാ പരമായി പ്രയാസമാണെങ്കിലും ഭാഗികമായി വിലക്കേര്‍പ്പെടുത്താന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രി വോള്‍ഫ്ഗ്യാങ് സബോറ്റ്ക പറഞ്ഞു. വാഹനം ഓടിക്കല്‍, പ്രകടനങ്ങളില്‍ പങ്കെടുക്കല്‍, അതിര്‍ത്തി കടക്കല്‍ പോലുള്ള കാര്യങ്ങള്‍ക്ക് ആ വിലക്ക് ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
നിഖാബിന് നിരോധനം ഏര്‍പ്പെടുത്താന്‍ സമയാമായിരിക്കുന്നു എന്ന് തീവ്രവലതുപക്ഷ പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടി അധ്യക്ഷന്‍ ഹെയിന്‍സ് ക്രിസ്റ്റ്യന്‍ സ്ട്രാഷെ പറഞ്ഞു. നമ്മുടെ സമൂഹത്തിലെ ആളുകളുടെ മുഖത്തേക്ക് നോക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആറ് ലക്ഷത്തോളം മുസ്‌ലിംകല്‍ വസിക്കുന്ന ഓസ്ട്രിയയിലെ രണ്ടാമത്തെ മതമായിട്ടാണ് ഇസ്‌ലാമിനെ കണക്കാക്കുന്നത്. ആകെ ജനസംഖ്യയുടെ ഏഴ് ശതമാനമാണ് അവിടെ മുസ്‌ലിംകള്‍ എന്നും അല്‍ജസീറ റിപോര്‍ട്ട് വിവരിക്കുന്നു.

Related Articles