Current Date

Search
Close this search box.
Search
Close this search box.

നജീബിനെതിരായ കത്തുമായി തനിക്ക് ബന്ധമില്ലെന്ന് സുഹൃത്ത് ഖാസിം

ന്യൂഡല്‍ഹി: ജെ.എന്‍.യു സര്‍വകലാശാലയില്‍ നിന്നും കാണാതായ വിദ്യാര്‍ഥി നജീബ് സൗമ്യനും പഠനത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ആളുമായിരുന്നുവെന്ന് കൂടെ താമിസിച്ചിരുന്ന വിദ്യാര്‍ഥി മുഹമദ് ഖാസിം. നജീബിനെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കരുത് എന്നാവശ്യപ്പെട്ട് വാര്‍ഡന് കത്തയച്ചു എന്നത് ഖാസിം നിഷേധിച്ചു. സ്‌കൂള്‍ ഓഫ് ലാംഗേജസിലെ അറബിക് വിദ്യാര്‍ഥിയാണ് ഖാസിം. നജീബിന് ഒക്ടോബര്‍ 14ന് രാത്രി മര്‍ദ്ദനമേറ്റ മഹി-മാണ്ഡവി ഹോസ്റ്റലിലെ ഹോസ്റ്റല്‍ കമ്മറ്റി അംഗവുമാണ്. ഇവിടെ നടന്ന മര്‍ദ്ദനത്തിന് ശേഷമായിരുന്നു നജീബിനെ കാണാതായത്.
ആദ്യത്തെ കത്ത് താന്‍ എഴുതിയതല്ലെന്നും എന്നാല്‍ അതില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന കത്തിനെക്കുറിച്ച് ഖാസിം പറഞ്ഞു. എ.ബി.വി.പി പ്രവര്‍ത്തകര്‍ നജീബിനെ മര്‍ദ്ദിച്ചതിനെത്തുടര്‍ന്നുണ്ടായ ബഹളത്തിനിടയിലെ തിരക്കില്‍ ആ കത്തില്‍ ഒപ്പിടുക മാത്രമാണ് ഞാന്‍ ചെയ്‌തെന്ന് ഖാസിം ചൂണ്ടിക്കാട്ടി. 27 കാരനായ നജീബ് എം.എസ്.സി ബയോടെക്‌നോളജിയിലെ വിദ്യാര്‍ഥിയായിരുന്നു. കാണാതാകുന്നതിന് രണ്ടാഴ്ച മുമ്പ് മാത്രമായിരുന്നു നജീബിന് ഹോസ്റ്റല്‍ അഡ്മിഷന്‍ ലഭിച്ചത്.
കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പ്  കമ്മറ്റിയിലെ അംഗമായിരുന്ന അതേ ഹോസ്റ്റലിലെ മറ്റൊരു വിദ്യാര്‍ഥിയായിരുന്നു ആദ്യത്തെ കത്ത് എഴുതിയത്. പ്രശ്‌നം നടന്ന ദിവസം രാത്രിയില്‍ വാര്‍ഡന്റെ ഓഫീസില്‍ തടിച്ചുകൂടിയവരെ ഞാന്‍ ശാന്തരാക്കാന്‍ ശ്രമിക്കുന്ന സമയത്താണ് അവന്‍ കത്തെഴുതിയത്. ആള്‍ക്കൂട്ടം നജീബിന്റെ രക്തത്തിന് ദാഹിച്ചപ്പോള്‍ അവന്റെ സുരക്ഷക്കാണ് ഞാന്‍ പരിഗണന നല്‍കിയത്. ഒക്ടോബര്‍ 17ന് സര്‍വകലാശാല കാര്യാലയത്തില്‍ മൊഴികൊടുക്കാനായി പോകുന്നതിനിടയില്‍ അവന്‍ എന്നെ തടഞ്ഞു നിര്‍ത്തി ഞാന്‍ ഒപ്പിട്ടിട്ടുള്ള കത്ത് വായിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പോള്‍ മാത്രമാണ് ഞാന്‍ ആ കത്ത് കാണുന്നത്. കത്തില്‍ പരസ്പര വിരുദ്ധവും അവാസതവങ്ങളുമായ കാര്യങ്ങളുള്ളതായി അപ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.
നജീബ് സൗമ്യ സ്വഭാവക്കാരനായിരുന്നുവെന്നും ഖാസിം പുതിയ കത്തില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നേക്കാളും വയസ്സ് കൂടുതലായിരുന്നെങ്കിലും അവന്‍ എന്നോടെപ്പോഴും ആദരവോടുകൂടിയായിരുന്നു സംസാരിച്ചിരുന്നത്. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുമയി അവന്  ബന്ധമില്ലായിരുന്നു. എന്തിനുവേണ്ടിയാണ് ഐസ(ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍) നിലകൊള്ളുന്നത് എന്ന് പോലും ഒരിക്കല്‍ അവന്‍ എന്നോട് ചോദിക്കുകയുണ്ടായി. എന്ന് ഖാസിം പറഞ്ഞു.
യാഥാര്‍ഥ്യങ്ങളും ആധികാരികതയും പരിശോധിക്കാതെ ആദ്യത്തെ കത്തിനെക്കുറിച്ചുള്ള കള്ള വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നടപടിയില്‍ ഖാസിം ആശങ്ക പ്രകടിപ്പിച്ചു. ആദ്യത്തെ കത്തെഴുതിയ വിദ്യാര്‍ഥിക്ക് രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഉള്ളതായി സംശയിക്കുന്നതായും ഖാസിം പറഞ്ഞു. നജീബിനെ കയ്യേറ്റം ചെയ്ത വിവരം അതേ ഹോസ്റ്റലിലെ ഹമീദ് റാസ എന്ന വിദ്യാര്‍ഥിക്കു വേണ്ടി ഹോസ്റ്റല്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് വോട്ടഭ്യര്‍ഥിച്ച് കാമ്പയിന്‍ നടത്തിയുന്നതിടയിലായിരുന്നു ഖാസിമിന് അറിയാന്‍ കഴിഞ്ഞത്.  
ഒക്ടോബര്‍ 16 ന് വാര്‍ഡന്‍ സുശീല്‍ കുമാര്‍ വി.സിക്ക് അയച്ച കത്തില്‍ നജീബിനെതിരെ നടന്നത് ക്രൂരമായ മര്‍ദ്ദനമായിരുന്നുവെന്ന് സമ്മതിച്ചിരുന്നതായും ഖാസിം ചൂണ്ടിക്കാണിച്ചു. ഹോസ്റ്റലില്‍ അനധികൃതമായി താമസിക്കുന്നവരാണ് നജീബിനെ മര്‍ദ്ദിച്ചെതെന്നും ഇവരെ തിരിച്ചറിയണമെന്നും വാര്‍ഡന്‍ അദ്ദേഹത്തിന്റെ കത്തില്‍ വ്യക്തമാക്കിയിരുന്നു. നജീബിനെ കാണാതായതിനെതിരെ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെല്ലാം തന്നെ വിഷയത്തെ രാഷ്ട്രീയ വല്‍കരിക്കാന്‍ വേണ്ടിയുള്ളതാണെന്ന് ജെ.എന്‍.യുവിദ്യാര്‍ഥി യൂണിയന്‍ മുന്‍ ജോയിന്റ് സെക്രട്ടറി സൗരഭ് ശര്‍മ പറഞ്ഞു.
ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഖാസിമിനെ ചോദ്യം ചെയ്തിരുന്നു. ഞാന്‍ നിങ്ങളോട് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് അവരോടും പറഞ്ഞിട്ടുള്ളത്. നജീബ് വളരെ സൗമ്യനും പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ആളുമാണ്. എന്നാല്‍ ആക്രമണത്തിന് പിന്നിലുള്ളവരെയൊന്നും യൂണിവേഴ്‌സിറ്റി പ്രതികളായി എണ്ണിയിട്ടില്ല. സര്‍വകലാശാല അഡ്മിന്‌സ്‌ട്രേഷനും പോലീസുകാരും അവരെ ചോദ്യം ചെയ്യുന്നത് കേവലം ദൃക്‌സാക്ഷികള്‍ എന്ന നിലക്കാണ്. അത്തരം ആളുകള്‍ കാമ്പസിലൂടെ ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുന്നു എന്നത് കടുത്ത അനീതയാണെന്നും ഖാസിം പറഞ്ഞു.

Related Articles