Current Date

Search
Close this search box.
Search
Close this search box.

നജഫില്‍ സൗദി കോണ്‍സുലേറ്റ് തുറക്കുന്നതിന് ഇറാഖിന്റെ അംഗീകാരം

ബഗ്ദാദ്: ഇറാഖിലെ നജഫില്‍ തങ്ങളുടെ കോണ്‍സുലേറ്റ് തുറക്കാനുള്ള സൗദിയുടെ ആവശ്യം ഇറാഖ് വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചതായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. മന്ത്രാലയത്തിന് മുമ്പില്‍ ഔദ്യോഗികമായി സമര്‍പിക്കപ്പെട്ട ആവശ്യം അംഗീകരിക്കുകയാണ് ചെയ്തതെന്നും പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയോടെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാഖിലെ പ്രമുഖ ശിയാ നേതാവും സദ്ര്‍ വിഭാഗത്തിന്റെ തലവനുമായ മുഖ്തദ സ്വദ്ര്‍ കഴിഞ്ഞ മാസം അവസാനത്തില്‍ നടത്തിയ സൗദി സന്ദര്‍ശനത്തിനിടെ ഇതു സംബന്ധിച്ച ധാരണകള്‍ ഉണ്ടാക്കിയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.
അതോടൊപ്പം തന്നെ കഴിഞ്ഞ 27 വര്‍ഷമായി അടച്ചിട്ടിരുന്ന സൗദി-ഇറാഖ് അതിര്‍ത്തി സൗദി അറേബ്യ തുറന്നു കൊടുക്കുകയും ഇറാഖില്‍ നിന്നുള്ള ഹാജിമാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിയതായും ബ്രിട്ടീഷ് പത്രമായ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ കുവൈത്തുമായി യുദ്ധം ചെയ്യുകയും സൗദിയുടെ സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തതിനെ തുടര്‍ന്ന് 1990ല്‍ റിയാദ് ബഗ്ദാദുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. വ്യാപാര ആവശ്യങ്ങള്‍ക്കും മറ്റ് സന്ദര്‍ശനങ്ങള്‍ക്കുമായി അറാറ അതിര്‍ത്തി ചെക്ക്‌പോയന്റ് പൂര്‍ണമായി തുറന്നിടാന്‍ സൗദിയുമായി ധാരണയായിട്ടുണ്ടെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദിയുടെ ഓഫീസ് വക്താവ് സഅദ് അല്‍ഹദീഥി പറഞ്ഞു.

Related Articles