Current Date

Search
Close this search box.
Search
Close this search box.

ദ്വിരാഷ്ട്ര ഫോര്‍മുലക്ക് ബദല്‍ ഇല്ല: അന്‍ോണിയോ ഗുട്ടറസ്

കെയ്‌റോ: ഫലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ദ്വിരാഷ്ട്ര ഫോര്‍മുലയില്‍ നിന്ന് പിന്നോട്ടടിക്കുന്നതിന്റെ അപകടത്തെ കുറിച്ച് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി. അതല്ലാത്ത മറ്റൊരു ബദല്‍ പരിഹാര മാര്‍ഗമില്ലെന്ന് അദ്ദേഹം പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാര ഫോര്‍മുലയില്‍ നിന്ന് പിന്നോട്ടടിച്ചു കൊണ്ടുള്ള അമേരിക്കയുടെ പ്രഖ്യാപനത്തെ ഫലസ്തീന്‍ അതോറിറ്റി അപലപിച്ചു. അതേസമയം ഇസ്രയേല്‍ പ്രസിഡന്റ് റൂവിന്‍ റിവ്‌ലിന്‍ വെസ്റ്റ്ബാങ്കിനെ ഇസ്രയേലിന്റെ ഭാഗമാക്കാന്‍ ആവശ്യം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം കെയ്‌റോയില്‍ ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്‌രിക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഗുട്ടറസ് ഇക്കാര്യം പറഞ്ഞത്. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെയല്ലാതെ ഫലസ്തീനികള്‍ക്കും ഇസ്രയേലിനുമിയില്‍ സമാധാനം സ്ഥാപിക്കാനാവില്ല. അതുകൊണ്ട് ആ പരിഹാരം ഉണ്ടാക്കുന്നതിനായി സാധ്യമായതെല്ലാം നാം നിര്‍വഹിക്കണം. എന്നും അദ്ദേഹം പറഞ്ഞു.
ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതുവരെ ഫലസ്തീന്‍ വിഷയത്തില്‍ വ്യക്തമായ ഒരു നിലപാട് പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അമേരിക്കന്‍ എംബസി തെല്‍അവീവില്‍ നിന്നും ഖുദ്‌സിലേക്ക് മാറ്റുന്നതിനെ കുറിച്ച് ഗൗരവത്തില്‍ ആലോചിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരുടെ നിലപാടുകള്‍ക്ക് വിരുദ്ധമായ സമീപനങ്ങളാണ് സ്വീകരിക്കുന്നത്. സമാധാനം സ്ഥാപിക്കുന്നതിന് ഇസ്രയേല്‍ കുടിയേറ്റം തടസ്സമാണെന്നത് അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Related Articles