Current Date

Search
Close this search box.
Search
Close this search box.

ദ്വിരാഷ്ട്ര പരിഹാരത്തിന്‍ ഊന്നല്‍ നല്‍കി പാരീസ് സമാധാന സമ്മേളനം സമാപിച്ചു

പാരീസ്: ഫലസ്തീന്‍ – ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ദ്വിരാഷ്ട്രപരിഹാരം അനിവാര്യമാണെന്ന് ആണയിട്ടു കൊണ്ട് പാരീസ് അന്താരാഷ്ട്ര സമാധാന സമ്മേളനത്തിന് പരിസമാപ്തി. 1967ലെ അതിര്‍ത്തിയാണ് ഈ പരിഹാരത്തില്‍ അടിസ്ഥാനമായി സ്വീകരിക്കേണ്ടെന്നും സമ്മേളനം വ്യക്തമാക്കി. ഖുദ്‌സ്, അതിര്‍ത്തി, സുരക്ഷ, അഭയാര്‍ഥികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഏകപക്ഷീയമായ നിലപാടെടുക്കുന്നതിനെ കുറിച്ച് സമ്മേളനത്തിന്റെ സമാപന പ്രസ്താവന ഫലസ്തീനികള്‍ക്കും ഇസ്രയേലിനും മുന്നറിയിപ്പ് നല്‍കി.
തെല്‍അവീവിലെ അമേരിക്കന്‍ എംബസി ഖുദ്‌സിലേക്ക് മാറ്റാനുള്ള നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിക്കെതിരെ പ്രസ്താവന യാതൊരുവിധ വിമര്‍ശനവും ഉയര്‍ത്തിയില്ലെന്നത് ശ്രദ്ധേയമാണ്. അതേസമയം വര്‍ഷാവസാനം പുതിയ സമ്മേളനം നടത്താന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ യോജിപ്പിലെത്തിയിട്ടുണ്ട്. കുടിയേറ്റത്തെ അപലപിക്കുന്ന യുഎന്‍ രക്ഷാസമിതിയുടെ 2334ാം നമ്പര്‍ പ്രമേയം അടക്കമുള്ള മിഡിലീസ്റ്റിലെ സമാധാന നീക്കങ്ങളെ പ്രസ്താവന സ്വാഗതം ചെയ്തു.
ഇസ്രേയലികള്‍ക്കും ഫലസ്തീനികള്‍ക്കും മുമ്പില്‍ തീരുമാനങ്ങള്‍ ഇട്ടുകൊടുക്കലല്ല സമ്മേളനം ലക്ഷ്യം വെച്ചതെന്നും നേരിട്ടുള്ള ചര്‍ച്ചകളിലൂടെ മാത്രമേ സമാധാനം സാക്ഷാല്‍കരിക്കാനാവൂ എന്നും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ ഒലാന്റ് വ്യക്തമാക്കി. സമാധാന ചര്‍ച്ചയിലെത്താന്‍ ഇരുകക്ഷികള്‍ക്കും പ്രോത്സാഹനവും പ്രചോദനവും നല്‍കുക എന്നതാണ് സംഭാഷണങ്ങള്‍ കൊണ്ടുദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദ്വിരാഷ്ട്രപരിഹാരം കാലഹരണപ്പെട്ട ഒന്നല്ലെന്നും ഈ അന്താരാഷ്ട്ര കൂട്ടായ്മയുടെ ലക്ഷ്യം ഇപ്പോഴും അതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles