Current Date

Search
Close this search box.
Search
Close this search box.

ദോഹയില്‍ പുകവലി വിരുദ്ധ കാമ്പയിന് ഉജ്ജ്വല തുടക്കം

ദോഹ: ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി സംഘടിപ്പിച്ച പുകവലി വിരുദ്ധ കാമ്പയിന് ഉജ്വല തുടക്കം. ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ നടന്ന പരിപാടിയില്‍ വിവിധ ഇന്ത്യന്‍ സ്‌ക്കൂളുകള്‍ക്ക് പുറമേ പാക്കിസ്ഥാന്‍ സ്‌ക്കൂളുകളില്‍ നിന്നുളള വിദ്യാര്‍ഥികളും അണി നിരന്നപ്പോള്‍ ഇന്റര്‍ സ്‌കൂള്‍ മല്‍സരങ്ങള്‍ അന്താരാഷ്ട്ര നിലവാരമുള്ളതായി. പെയിന്റിംഗ്, പ്രസംഗം എന്നീ ഇനങ്ങളിലായി 15 സ്‌കൂളുകളെ പ്രതിനിധീകരിച്ച് അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് മാറ്റുരച്ചത്. വിവിധ സ്‌ക്കൂള്‍ അധ്യാപകരും രക്ഷിതാക്കളും സന്നദ്ധ പ്രവര്‍ത്തകരും കൈകോര്‍ത്തപ്പോള്‍ പുകവലി വിരുദ്ധ പ്രവര്‍ത്തനം സാമൂഹ്യ ബാധ്യതയാണെന്നും ഓരോരുത്തരും മനസു വെച്ചാല്‍ വിപ്ലവകരമായ മാറ്റം സാധ്യമാണെന്നും സദസ്സ് തിരിച്ചറിഞ്ഞു.
പുകവലി എല്ലാ അര്‍ഥത്തിലും വ്യക്തിക്കും കുടുംബത്തിനും ദോഷങ്ങള്‍ മാത്രം സമ്മാനിക്കുന്ന ദുരന്തമാണെന്നും ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി അണി നിരക്കണമെന്നും കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത ഐ.സി.ബി.എഫ്. പ്രസിഡണ്ട് ഡേവിസ് എടക്കുളത്തൂര്‍ അഭിപ്രായപ്പെട്ടു. ആന്റി സ്‌മോക്കിംഗ് സൊസൈറ്റി പ്രസിഡണ്ട് ഡോ. അബ്ദുല്‍ റഷീദ് പുകവലി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. ചീഫ് കോര്‍ഡിനേറ്റര്‍ അമാനുല്ല വടക്കാങ്ങര, കോര്‍ഡിനേറ്റര്‍മാരായ ഷറഫുദ്ധീന്‍, ഫൗസിയ അക്ബര്‍, അഫ്‌സല്‍ കിളയില്‍, റഷാദ് മുബാറക്, മുഹമ്മദ് റഫീഖ്, സിയാഹുറഹ്മാന്‍, സൈദലവി അണ്ടേക്കാട്, ജോജിന്‍ മാത്യൂ, ആനന്ദ് ജോസഫ്, ശരണ്‍ എസ്. സുകു, ബ്ലെസി ബാബു, സജീര്‍ സി.ടി, ജംഷീര്‍ പി എന്നിവര്‍ വിവിധ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
നിര്‍ലപ് ഭട്ട്, രാജേഷ്, സംറ മെഹബൂബ്, കെ.വി അബ്ദുല്ലക്കുട്ടി, അശ്വതി വിശ്വാസ്, ശുക്‌രിയ ആസിഫ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതികളായിരുന്നു. വിജയികള്‍ക്കുളള സമ്മാനദാനം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടക്കും.

Related Articles