Current Date

Search
Close this search box.
Search
Close this search box.

തെരഞ്ഞെടുപ്പ് സഖ്യവുമായി തുര്‍ക്കിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍

അങ്കാറ: വരാനിരിക്കുന്ന തുര്‍ക്കി പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ നാലു പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു ചേര്‍ന്ന് സഖ്യമുണ്ടാക്കുന്നു. തുര്‍ക്കിയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (സി.എച്ച്.പി),പുതുതായി രൂപീകരിച്ച ഈയി പാര്‍ട്ടി,ഫെലിസിറ്റി പാര്‍ട്ടി,ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവര്‍ ചേര്‍ന്നാണ് സഖ്യത്തിലേര്‍പ്പെട്ടത്. ജൂണ്‍ 24നാണ് രാജ്യത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാലു പാര്‍ട്ടികളും വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് ധാരണയിലെത്തുമെന്ന് എന്‍.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ രാജ്യം ഭരിക്കുന്ന പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ.പി) നാഷണലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിയുമായി (എം.എച്ച്.പി) തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന് വെല്ലുവിളി ഉയര്‍ത്തി അടുത്തയാഴ്ച തങ്ങളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുര്‍ക്കിയുടെ ദേശീയ നയ രൂപീകരണത്തില്‍ പ്രധാന പങ്കാളിത്തം വഹിച്ച നേരത്തെ ഉര്‍ദുഗാനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ദേശീയ രാഷ്ട്രീയ നേതാവായ മെറല്‍ അക്‌സനറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈയി പാര്‍ട്ടി രൂപീകരിച്ചത്.

മെറല്‍ അക്‌സനറും ഉര്‍ദുഗാന് ഈ തെരഞ്ഞെടുപ്പില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഉര്‍ദുഗാനെ പിന്തുണക്കുന്ന നാഷണലിസ്റ്റ് മൂവ്മെന്റ് പാര്‍ട്ടിയില്‍ നിന്നും വേര്‍പിരിഞ്ഞ് രൂപീകരിച്ച പാര്‍ട്ടിയാണ് ഈയി പാര്‍ട്ടി.

 

Related Articles