Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി ഹിതപരിശോധന; ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു

അങ്കാറ: തുര്‍ക്കി ഭരണം പാര്‍ലമെന്ററി സംവിധാനത്തില്‍ നിന്നും പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറുന്നത് സംബന്ധിച്ച ഭരണഘടനാ ഭേദഗതിയില്‍ ഏപ്രില്‍ 16ന് നടന്ന ഹിതപരിശോധനയുടെ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു. ആകെ വോട്ടര്‍മാരുടെ 51.41 ശതമാനം വരുന്ന 25,175,463 പേര്‍ ഭേദഗതിയെ അനുകൂലിച്ചപ്പോള്‍ 48.59 ശതമാനം വോട്ടര്‍മാര്‍ പ്രതികൂലമായി വോട്ടുരേഖപ്പെടുത്തിയതായി തുര്‍ക്കി സുപ്രീം എലക്ഷന്‍ ബോര്‍ഡ് മേധാവി സഅദി ഗോഫാന്‍ അറിയിച്ചു. തുര്‍ക്കി ജനതയുടെ പകുതിയിലേറെ ഭേദഗതിയെ അനുകൂലിച്ചതിനാല്‍ അത് അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
രാജ്യത്തിന്റെ ഭരണം പാര്‍ലമെന്ററി സംവിധാനത്തില്‍ നിന്നും പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്കുള്ള മാറ്റം, എം.പിമാരുടെ എണ്ണം 550ല്‍ നിന്നും 600 ആയി ഉയര്‍ത്തല്‍, തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പ്രായം 25ല്‍ നിന്ന് 18 ആയി കുറക്കല്‍ എന്നിവയാണ് പ്രധാന ഭേദഗതികള്‍.
സീല്‍ ചെയ്യാത്ത ബാലറ്റുകള്‍ സ്വീകരിച്ചതിലുള്ള ആക്ഷേപം രേഖപ്പെടുത്തി യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കുമെന്ന് പ്രധാന പ്രതിപക്ഷ കക്ഷിയായ റിപബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടി കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. ഈ വിഷയത്തിലുള്ള അവരുടെ പരാതി ടര്‍ക്കിഷ് സ്റ്റേറ്റ് കൗണ്‍സില്‍ നേരത്തെ തള്ളിയതാണ്.

Related Articles