Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി ജറാബുലുസില്‍ ഐഎസിനെതിരെ സൈനിക നീക്കം ആരംഭിച്ചു

ഇസ്തംബൂള്‍: സിറിയ – തുര്‍ക്കി അതിര്‍ത്തി നഗരമായ ജറാബുലുസില്‍ ഐഎസിനെ തുരത്തുന്നതിനായി അന്താരാഷ്ട്ര സഖ്യത്തിന്റെ പിന്തുണയോടെ തുര്‍ക്കി സൈനിക നീക്കം ആരംഭിച്ചു. വ്യോമാക്രമണത്തോടൊപ്പം കരയുദ്ധം കൂടിയുള്ള ഓപറേഷനാണ് തുര്‍ക്കി നടത്തുന്നത്. നഗരത്തില്‍ തുര്‍ക്കിയുടെ യുദ്ധ ടാങ്കുകള്‍ ശക്തമായ ആക്രമണം ആരംഭിച്ചിട്ടുണ്ടെന്ന് അനദോലു ന്യൂസ് റിപോര്‍ട്ട് ചെയ്തു. അതേസമയം തുര്‍ക്കി വിമാനങ്ങള്‍ ഐഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നുണ്ട്.
സിറിയയിലെ അലപ്പോ നഗരത്തിന്റെ വടക്കു കിഴക്കന്‍ പ്രദേശമായ ജറാബുലുസിനെ ഐഎസ് മുക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തുര്‍ക്കി അന്താരാഷ്ട്ര സഖ്യവുമായി സഹകരിച്ച് ഈ ഓപറേഷന്‍ നടത്തുന്നത്. അഭയാര്‍ഥി പ്രവാഹത്തിന് തടയിടലും പ്രദേശത്തെ സിവിലിയന്‍മാര്‍ക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കലും ഓപറേഷന്റെ ലക്ഷ്യമാണെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
പി.കെ.കെയും കുര്‍ദിശ് പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളും അടക്കമുള്ള ഭീകരസംഘടനകള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ജറാബുലുസ് സ്വതന്ത്രമാക്കുന്നതിനുള്ള ഓപറേഷന് തന്റെ രാഷ്ട്രം തയ്യാറാണെന്ന് തുര്‍ക്കി പ്രധാനമന്ത്രി മവ്‌ലൂദ് ജാവേശ് ഓഗ്‌ലു ചൊവ്വാഴ്ച്ച പറഞ്ഞിരുന്നു. തുര്‍ക്കി പ്രതിപക്ഷ കക്ഷികളും ഈ ഓപറേഷന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles