Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി ഇറാഖില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കണം: ഇറാഖ് പ്രധാനമന്ത്രി

ബഗ്ദാദ്: ഇറാഖില്‍ നിന്നും തുര്‍ക്കി സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യം ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി വീണ്ടും തുര്‍ക്കി ഭരണകൂടത്തോട് ആവശ്യപ്പെട്ടു. തുര്‍ക്കി സൈന്യത്തിന്റെ സാന്നിദ്ധ്യത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്നും ഐഎസിനെതിരെയുള്ള പോരാട്ടത്തില്‍ അത് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം മാനിച്ച് മൗസിലില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറാവാണമെന്നും അദ്ദേഹം തുര്‍ക്കിയോട് ആവശ്യപ്പെട്ടു. മൗസിലെ തുര്‍ക്കി സൈന്യത്തിന്റെ സാന്നിദ്ധ്യം ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും ബഗ്ദാദിലെ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അബാദി സൂചിപ്പിച്ചു.
സിറിയയില്‍ നടത്തുന്ന ‘യൂഫ്രട്ടീസ് ഷീല്‍ഡ്’ ഓപറേഷന്റെ ഭാഗമായി ഇറാഖിലെ മൗസില്‍ കേന്ദ്രീകരിച്ച് സൈനിക നീക്കം നടത്താന്‍ അങ്കാറ ഭരണകൂടം ഒരുക്കങ്ങള്‍ നടത്തുന്നതായി ചില തുര്‍ക്കി വാര്‍ത്താ കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. മൗസില്‍ ഇറാഖിന് വിട്ടുനില്‍കുന്നതിന് പകരമായി അവിടത്തെ തുര്‍ക്ക് വംശജരെ സംരക്ഷിക്കാനുള്ള അവകാശം തുര്‍ക്കിക്ക് നല്‍കുന്ന കരാര്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ ബ്രിട്ടനുമായി തുര്‍ക്കിയുണ്ടാക്കിയിട്ടുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
അതേസമയം യൂഫ്രട്ടീസ് ഷീല്‍ഡിന് സമാനമായ ഒരു ഓപറേഷന്‍ ഇറാഖിലും ആവശ്യമാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ പറഞ്ഞു. മൗസിലിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ തുര്‍ക്കിയുടെ നിലപാടു കൂടി ശ്രവിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

Related Articles