Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയുടെ ഇസ്രയേലും റഷ്യയുമായുള്ള ബന്ധത്തിലെ വിള്ളലുകള്‍ അവസാനിക്കുന്നു

ഇസ്തംബൂള്‍: തുര്‍ക്കിയുടെ ഇസ്രയേലും റഷ്യയുമായുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ക്ക് അറുതിയാവുന്നു. അങ്കാറയുടെ വിദേശകാര്യ നയത്തിലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുന്നതിന്റെ സൂചനയായിട്ടാണ് നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. തുര്‍ക്കിക്കും ഇസ്രയേലിനും ഇടയിലെ ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ആദ്യ ഘട്ടത്തിലേക്ക് കടന്നതായി തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിറിമും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും പ്രഖ്യാപിച്ചു. കരാര്‍ വ്യവസ്ഥ പ്രകാരം ഇരു രാഷ്ട്രങ്ങളും അംബാസഡര്‍മാരെ അയക്കുകയും ഉപരോധിക്കപ്പെട്ടിരിക്കുന്ന ഗസ്സയിലേക്ക് സഹായം എത്തിക്കാന്‍ അനുമതി നല്‍കുകയും ചെയ്യും. ഇരു രാഷ്ട്രങ്ങളുടെയും പ്രതിനിധികള്‍ ചൊവ്വാഴ്ച്ച കരാറില്‍ ഒപ്പുവെക്കുമെന്നും പിന്നീട് മൂന്ന് ദിവസത്തിനകം തുര്‍ക്കി പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി അത് സമര്‍പിക്കുമെന്നും തുര്‍ക്കി പ്രധാനമന്ത്രി വ്യക്തമാക്കി.
തുര്‍ക്കി മുന്നോട്ടു വെച്ച എല്ലാ ഉപാധികളും അംഗീകരിക്കാന്‍ ഇസ്രയേല്‍ തയ്യാറായിട്ടുണ്ടെന്ന് യില്‍ദിറിം തിങ്കളാഴ്ച്ച അങ്കാറയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. തുര്‍ക്കിയുടെ നാവി മര്‍മറ കപ്പലിന് നേരെ ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 20 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കുമെന്നുള്ളത് കരാര്‍ വ്യവസ്ഥയില്‍ പെട്ടതാണ്. തുര്‍ക്കിയുടെ മറ്റൊരു ഉപാധിയായിരുന്ന ഗസ്സക്ക് മേലുള്ള ഉപരോധം പൂര്‍ണമായും ഒഴിവാക്കണമെന്ന ഉപാധി ഇസ്രയേല്‍ അംഗീകരിച്ചിട്ടില്ലെങ്കിലും തുര്‍ക്കിയെ സംബന്ധിച്ചടത്തോളം വലിയ നയതന്ത്ര വിജയമാണിതെന്ന് മുതിര്‍ന്ന തുര്‍ക്കി ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.
സുരക്ഷാ രംഗത്തും സാമ്പത്തിക മേഖലയിലും വലിയ പ്രാധാന്യമുള്ള ഉടമ്പടിയാണിതെന്നും ഇരു രാഷ്ട്രങ്ങള്‍ക്കും ഇത് ഗുണകരമാവുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍ നടത്തിയ പ്രഖ്യാപനത്തില്‍ പറഞ്ഞു. എന്നാല്‍ ഗസ്സക്ക് മേലുള്ള സമുദ്ര ഉപരോധം ഉടമ്പടിക്ക് ശേഷവും തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.
2010ല്‍ ഗസ്സക്ക് മേലുള്ള ഉപരോധം ലംഘിച്ച് അവിടേക്ക് തിരിച്ച തുര്‍ക്കിയുടെ നാവി മര്‍മറ കപ്പല്‍ ഇസ്രയേല്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തില്‍ വിള്ളല്‍ വീണത്. ഇസ്രയേല്‍ ആക്രമണത്തില്‍ പത്ത് തുര്‍ക്കി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.
അതോടൊപ്പം തന്നെ റഷ്യയുമായുള്ള തുര്‍ക്കിയുടെ ബന്ധം പുനരാരംഭിക്കാനും ധാരണയായിട്ടുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന് കത്തയച്ചതായി ഇരു രാഷ്ട്രങ്ങളും പ്രഖ്യാപിച്ച ശേഷമാണിത്. പ്രസ്തുത കത്തില്‍ റഷ്യന്‍ വിമാനം തുര്‍ക്കി സൈന്യം വെടിവെച്ചു വീഴ്ത്തിയ സംഭവത്തില്‍ ഉര്‍ദുഗാന്‍ ക്ഷമാപണം നടത്തിയിട്ടുണ്ടെന്ന് ക്രംലിന്‍ കൊട്ടാരം അറിയിച്ചു. എന്നാല്‍ കൊല്ലപ്പെട്ട റഷ്യന്‍ പൈലറ്റിന്റെ കുടുംബത്തോടാണ് ക്ഷമാപണം നടത്തിയതെന്ന് അങ്കാറയും വ്യക്തമാക്കി. തുര്‍ക്കിയെ സംബന്ധിച്ചടത്തോളം റഷ്യ നയതന്ത്ര പങ്കാളിയും സുഹൃത്തുമാണെന്ന് കത്തില്‍ ഉര്‍ദുഗാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles